ഒറ്റപ്പാലം: വിവാദങ്ങൾക്കൊടുവിൽ നഗരസഭ ഭരണസമിതി കുപ്പിവെള്ള കന്പനിക്ക് നല്കിയ സാങ്കേതികാനുമതി റദ്ദാക്കാൻ നിർബന്ധിതരായി. ഭരണപക്ഷത്തുനിന്നും പാർട്ടിക്കുള്ളിൽനിന്നും തന്നെ പ്രശ്നത്തിൽ ശക്തമായ ചേരിതിരിവ് ഉണ്ടായ സാഹചര്യത്തിലാണ് സാങ്കേതികാനുമതി റദ്ദാക്കാൻ കഴിഞ്ഞദിവസം ചേർന്ന കൗണ്‍സിൽ യോഗത്തിൽ ചെയർമാൻ തീരുമാനമെടുത്തത്.
കൗണ്‍സിൽ യോഗത്തിൽ ചർച്ചചെയ്യാതെ സെക്രട്ടറി അനുമതി നല്‍കിയത് തെറ്റായിപ്പോയെന്നും കന്പനി പ്രവർത്തനം ആരംഭിച്ചാൽ ഭാവിയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഒറ്റപ്പാലത്ത് അനുഭവപ്പെടുമെന്നും സിപിഎം കൗണ്‍സിലർമാർ തന്നെ നിലപാടെടുത്തു.
അതേസമയം നഗരസഭാധ്യക്ഷൻ അറിയാതെ സെക്രട്ടറി കന്പനിക്ക് അനുമതി നല്കുകയില്ലെന്നും വിഷയം വിവാദമായതോടെ കുറ്റം സെക്രട്ടറിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ ആക്ഷേപം അനുമതി നല്‍കിയത് തെറ്റാണെന്നും കോടതി നിർദ്ദേശപ്രകാരമാണ് നല്കിയതെങ്കിൽ നഗരസഭയും കോടതിയെ സമീപിക്കണമെന്നും ആവശ്യമുയർന്നു.
അതേസമയം കോടതി നിർദേശം അറിഞ്ഞിരുന്നെങ്കിലും അനുമതി നല്കാൻ പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സെക്രട്ടറി അനുമതി നല്‍കിയതെന്നും നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി വ്യക്തമാക്കി.