ഒറ്റപ്പാലം: ഓപ്പറേഷൻ അനന്തപദ്ധതി അവസാനിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇന്നും ശാപമോക്ഷമായില്ല. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്ന സ്ഥിതിയാണുള്ളത്. ഒറ്റപ്പാലം സബ് കളക്ടറായിരുന്ന പി.ബി.നൂഹിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഓപ്പറേഷൻ അനന്തപദ്ധതി തുടങ്ങിയത്.
പ്രാരംഭത്തിൽ നല്ലരീതിയിൽ തുടങ്ങിയ പദ്ധതിക്ക് പി.ഉണ്ണി എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ചില കച്ചവടക്കാർ പദ്ധതിക്ക് തുരങ്കംവച്ചതോടെ അകാലത്തിൽ പദ്ധതിക്കു കൂച്ചുവിലങ്ങ് വീഴുകയായിരുന്നു. ദിനംപ്രതി ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുന്ന നഗരത്തിലെത്തുന്നവർ ഓപ്പറേഷൻ അനന്തയ്ക്കെതിരേ കോടതി കയറിയവരെ പഴിച്ചാണ് തിരിച്ചുപോരുന്നത്.
സംസ്ഥാനപാതയിൽ ന്യൂബസാർ മുതൽ തെന്നടി ബസാർ വരെ 23 സെന്റ് ഭൂമിയാണ് നഗരവികസനത്തിനായി ആവശ്യമായിട്ടുള്ളത്. ടിബി റോഡ് കവലയ്ക്കുസമീപത്തെ 33 കടമുറികളിലായി 22 വ്യാപാരസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന കെട്ടിടം സബ്കളക്ടർ പൊളിച്ചുനീക്കിയിരുന്നു.
ഇതിൽ പതിനഞ്ചുപേരാണ് റവന്യൂ വകുപ്പിന്റെ നടപടിക്കെതിരേ കോടതിയിൽനിന്നും സ്റ്റേ വാങ്ങിയത്. ഇവരിൽ എട്ടുപേർ കടമുറികൾ ഒഴിഞ്ഞെങ്കിലും കേസ് ഇപ്പോഴും കോടതിയുടെ നിയമക്കുരുക്കിൽ കിടക്കുകയാണ്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതികൂട്ടി ഗതാഗതസൗകര്യമുണ്ടാക്കാൻ ശ്രമിച്ച സബ് കളക്ടർ പി.ബി.നൂഹും റവന്യൂവകുപ്പും തുടങ്ങിവച്ച പദ്ധതി നിലവിൽ ത്രിശങ്കുവിലാണ്. ഇതിനിടെ സബ് കളക്ടർ ഒറ്റപ്പാലത്തുനിന്ന് സ്ഥംലമാറിപോകുകയും ചെയ്തു.
സർക്കാർ ഉപാധികളോടുകൂടിഅനുവദിച്ച പട്ടയങ്ങളുടെ പരിധിയിൽ വരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി സ്ഥലം ഏറ്റെടുത്ത് ഗതാഗതം സുഗമമാക്കാനാണ് ഓപ്പറേഷൻ അനന്ത തുടങ്ങിയത്. പി.ബി.നൂഹ് മുന്നിട്ടിറങ്ങി മണ്ണാർക്കാട് വിജയകരമായി നടപ്പാക്കിയ പദ്ധതി ഒറ്റപ്പാലം, പട്ടാന്പി നഗരങ്ങളിൽ കൂടി നടപ്പാക്കാനായിരുന്നു തീരുമാനം. സർവേ നടത്തി പുറന്പോക്കിലെ കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിനു എല്ലാനടപടികളും തുടങ്ങിയതായിരുന്നു.
ഇതിനിടെയാണ് പദ്ധതിക്കെതിരേ ചിലർ കോടതിയെ സമീപച്ചത്. ഒറ്റപ്പാലം നഗരത്തിലെ രൂക്ഷമായ ഗതാഗതപ്രശ്നം ശാശ്വതമായി പരിഹരിക്കാനാണ് സബ് കളക്ടർ പദ്ധതി ആസൂത്രണം ചെയ്തത്. ഇനി പദ്ധതി പ്രാവർത്തികമാകുന്ന കാര്യം കണ്ടറിയണം. ഒറ്റപ്പാലം നഗരത്തിനുള്ളിൽ മണിക്കൂറുകളോളമാണ് ഓരോദിവസവും ഗതാഗതതടസമുണ്ടാകുന്നത്. പട്ടാന്പിയിൽ പദ്ധതിക്ക് തുടക്കംകുറിക്കാൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല.