ഒറ്റപ്പാലം: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകുന്ന അഞ്ചു പ്രധാന ട്രെയിനുകൾക്ക് ഇനിമുതൽ ഒറ്റപ്പാലം പ്രധാന സ്റ്റേഷനാകും. ആലപ്പുഴ-ധൻബാദ്, ഗോരക്പൂർ-തിരുവനന്തപുരം, രപ്തിസാഗർ എക്സ്പ്രസ്-ബറൗണി എറണാകുളം, ഇൻഡോർ-തിരുവനന്തപുരം അഹല്യനഗരി, കോർബ-തിരുവനന്തപുരം എന്നീ ട്രെയിനുകളാണ് ഈമാസം മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകുന്നത്.
ഷൊർണൂർ റെയിൽവേ സ്റ്റേഷന് ഈ ട്രെയിനുകൾ അന്യമാകുന്പോൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് ഈ ട്രെയിനുകൾ ഗുണകരമാകും. സമയനഷ്ടം ഒഴിവാക്കാനാണ് അഞ്ച് ദീർഘദൂര ട്രെയിനുകളെ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിപ്പിക്കാതെ വഴിതിരിച്ചു വിടാൻ റെയിൽവേ തീരുമാനമെടുത്തത്.
ഇതുമൂലം ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം പടിപടിയായി നഷ്ടമാകുമെന്നാണ് ജനങ്ങൾ ഭയപ്പെടുന്നത്. അതേസമയം ട്രെയിനുകൾക്ക് പ്രധാന സ്റ്റേഷൻ ഇനിമുതൽ ഒറ്റപ്പാലമാകുമെന്നുള്ളതാണ് ആശ്വാസകരം. ദീർഘദൂര യാത്രകൾക്ക് ഷൊർണൂരിൽ എത്തി മറ്റു ട്രെയിനുകളെ ആശ്രയിച്ചിരുന്ന മലബാർ മേഖലകളിലുള്ളവർക്കെല്ലാം ഇനി ഈ ട്രെയിനുകളിൽ കയറണമെങ്കിൽ ഒറ്റപ്പാലത്ത് എത്തണം.
ഇതേ കാരണത്താൽ ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്നും വ്യാപക ആവശ്യമുയർന്നു. രണ്ട് പ്ലാറ്റ്ഫോമുകൾ ഉള്ള സ്റ്റേഷനായി ഭാരതപ്പുഴ റെയിൽവേ സ്റ്റേഷനിലെ മാറ്റിയാൽ യാത്രക്കാർക്ക് ഇറങ്ങി ഷൊർണൂർ സ്റ്റേഷൻ എത്തി മറ്റ് തീവണ്ടികളിൽ യാത്ര ചെയ്യാനാവും ഇവിടെനിന്ന് സ്റ്റേഷനിലേക്കുള്ള റോഡും നഗരസഭ നിർമിച്ചിട്ടുണ്ട്.
ഒരു കിലോമീറ്റർ മാത്രമാണ് ഭാരതപ്പുഴ സ്റ്റേഷനിൽനിന്നും ഷൊർണൂർ സ്റ്റേഷനിലുള്ള ദൂരം ഓട്ടോ ടാക്സി സൗകര്യം ലഭ്യമാക്കിയാൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഗുണകരമാകും. തൃശൂർ ഭാഗത്തുനിന്ന് സ്റ്റേഷനിൽ എത്താതെ പാലക്കാട് ഭാഗത്തേക്ക് പോകുന്ന ഇരുപതിലധികം തീവണ്ടികൾക്ക് ഭാരതപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാനുമാകും.