അമ്പലപ്പുഴ: ഒരു ദേശത്തെ പ്രശസ്തമാക്കിയ പന ഓർമയാകുന്നു. തോട്ടപ്പള്ളി ഒറ്റപ്പനയിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പനയാണ് ദേശീയപാതാ വികസനത്തിന്റെ പേരിൽ മുറിച്ചുമാറ്റുന്നത്.
ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേക്ക് വടക്ക് കിഴക്കു ഭാഗത്തായാണ് ഒറ്റപ്പന നിൽക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഒറ്റപ്പനയുടെ പേരിലാണ് പിന്നീട് ഈ സ്ഥലവും അറിയപ്പെട്ടു തുടങ്ങിയത്.
തോട്ടപ്പള്ളി കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിലെ തോഴിയായ യക്ഷി ക്ഷേത്രത്തിനു മുന്നിലെ ഈ പനയിലുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒറ്റപ്പന മുറിച്ചുമാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ, ഉത്സവം നടക്കുന്നതിനാൽ പന മുറിക്കുന്നത് നീട്ടിവയ്ക്കണമെന്നു ക്ഷേത്ര ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.
ഉത്സവകാലങ്ങളിൽ ഒറ്റപ്പനയുടെ ചുവട്ടിലാണ് ഗുരുതിയും മറ്റു പൂജകളും നടക്കുന്നത്. ഇനി ഈ ചടങ്ങുകൾ ഓർമയായി മാറുകയാണ്. പനയിലുണ്ടായിരുന്ന യക്ഷി, ദേവി എന്നിവയെ ആവാഹിച്ച് കുടിയിരുത്തി.
റോഡു വികസനം യാഥാർഥ്യമാകുമ്പോൾ പ്രസിദ്ധമായ ക്ഷേത്രത്തിന്റെ രണ്ടു കൊടിമരങ്ങളും ഇല്ലാതാകും. റോഡു വികസനത്തിൽനിന്ന് ക്ഷേത്രത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതിയുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട സമരവും നടത്തിയിരുന്നു.
എന്നാൽ, ക്ഷേത്രത്തിന്റെ മുൻഭാഗം നഷ്ടപ്പെടുമ്പോൾ ഈ ദേശത്തെ പെരുമയിലെത്തിച്ച പ്രസിദ്ധമായ ഒറ്റപ്പനയും ഓർമയാകുകയാണ്.