ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ തീവണ്ടികൾക്ക് മുന്നറിയിപ്പുകളില്ലാതെ സ്റ്റോപ്പുകൾ നിർത്തലാക്കി റെയിൽവേ. റെയിൽവേയുടെ നടപടികൾക്കെതിരെ സിപിഎം പ്രക്ഷോഭത്തിന്.
കാലങ്ങളായി അവഗണനയുടെ ചുവപ്പു വെളിച്ചം മാത്രം നൽകി ഈ റെയിൽവേ സ്റ്റേഷനെ അധികൃതർ ഒഴിവാക്കി കൊണ്ടിരിക്കുകയാണെന്ന് വ്യാപകമായി പ്രതിഷേധമുയർന്നു.
മുംബൈയിൽ നിന്നും കേരളത്തിലേക്ക് 1973 മുതൽ ആരംഭിച്ച ജയന്തി ജനത എക്സ്പ്രസിന്റെയും, 1944 മുതൽ ആരംഭിച്ച കാരക്കൽ എറണാകുളം(ടീ ഗാർഡൻ) എക്സ്പ്രസിന്റെയും സ്റ്റോപ്പുകൾ യാതൊരു കാരണവും പറയാതെയാണ് റെയിൽവേ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
നിരവധി യാത്രക്കാർക്കാണ് നിത്യേന ഈ ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഇല്ലാതായതോടെ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും, തിരിച്ചും ഉള്ള യാത്രകൾ ദുരിതപൂർണ്ണമായിരിക്കുന്നത്.
ഏതാനും നാളുകൾക്ക് മുന്പ് കൊച്ചുവേളി -ബാംഗ്ലൂർ ട്രെയിനിന്റെ ഒറ്റപ്പാലത്തെ സ്റ്റോപ്പും ഇത്തരത്തിൽ എടുത്തുകളഞ്ഞിരുന്നു.
അമൃത, കേരള എക്സ്പ്രസ് ട്രെയിനുകളുടെ ഒറ്റപ്പാലത്തെ സ്റ്റോപ്പുകൾ നിർത്തലാക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്.
ഒറ്റപ്പാലത്തോടുള്ള റെയിൽവേയുടെ അവഗണക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ 28ന് രാവിലെ 9 മണിക്ക് റെയിൽവേ സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പാർട്ടി ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്യും.കെ.പ്രേംകുമാർ എംഎൽഎ, സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ്, പാർട്ടി ജില്ലാ കമ്മിറ്റി അംഗം എം.ഹംസ എന്നിവർ സംബന്ധിക്കും.