കൊച്ചി: സംവിധായകന് കമലിനോട് രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട സംഘപരിവാര്‍ ഭീഷണിയ്ക്കതിരേ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന് അലന്‍സിയര്‍ക്കു കലാ സാമൂഹിക രംഗത്തു നിന്നും പിന്തുണയേറുന്നു.കമലിന്റെ അടുത്ത സിനിമയില്‍ ചാന്‍സ് കിട്ടുമെന്നു പ്രതീക്ഷയോടെയാണ് അലന്‍സിയര്‍ പ്രതിഷേധം നടത്തിയതെന്ന ചിലര്‍ പറഞ്ഞതിനെതിരേ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ പാര്‍വ്വതി രംഗത്തുവന്നു.
ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അലറിക്കരഞ്ഞ് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയറെന്നും പ്രശസ്തനല്ലാഞ്ഞതിനാല് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ലെന്നും പാര്‍വതി പറഞ്ഞു. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാക്കുവാന്‍ കഴിയില്ലെന്നും പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ഹൃദയം തകര്‍ക്കും. അവരുടെ പ്രതിഷേധം കലയിലൂടെയായിരിക്കുമെന്നും പാര്‍വതി പറയുന്നു. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്നാണ് അലന്‍സിയര്‍ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത്.തനിക്കു പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല. പാര്‍വതി ഫേസ്ബുക്കില്‍ പറയുന്നു.
സിനിമാ രംഗത്തുനിന്നുള്ള ലാല്‍ജോസ്, ആഷിഖ് അബു, ടോവീനോ തോമസ്, അനൂപ് മേനോന് തുടങ്ങിയവരും കമലിനു പിന്തുണപ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു. ”രാജ്യസ്നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ല. ഞാന്‍ ജനിച്ച ഇന്ത്യ, ഞാന്‍ വളര്‍ന്ന ഇന്ത്യ, ഞാന്‍ ജീവിക്കും ഇവിടെ. ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ് അലന്‍സിയര്‍ ലെ ലോപ്പസ്, അലന് ചേട്ടാ, ബിഗ് സല്യൂട്ട് ”അലന്‍സിയര്‍ക്കു തന്റെ പിന്തുണ അറിയിച്ചു ടൊവിനോ തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.
അതേസമയം അലന്‍സിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കുഞ്ചാക്കോ ബോബന്, താങ്കളാണ് യഥാര്‍ത്ഥ ഇന്ത്യന്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.എന്നാല്‍ വിമര്‍ശനങ്ങളെത്തുടര്‍ന്ന് തനിക്ക് കമലും, അലനും എല്ലാം ഇന്ത്യാക്കാരാണെന്നും ജനഗണമന എന്നത് തന്റെ വികാരമാണെന്നും അറിയിച്ചു കൊണ്ട് കുഞ്ചാക്കോ ബോബന് വീണ്ടും പോസ്റ്റ് ഇടുകയായിരുന്നു. എല്ലാ ഇന്ത്യക്കാരനെയും പോലെ തനിക്കും ദേശീയ ഗാനം എന്നത് ആത്മാഭിമാനത്തിനുള്ള അവസരമാണെന്ന് കുഞ്ചാക്കോ ബോബന് വ്യക്തമാക്കുകയും ചെയ്തു.
പുതിയ പോസ്റ്റിട്ടെങ്കിലും ആളുകള്‍ക്ക് കുഞ്ചാക്കോബോബനോടുള്ള കലിപ്പ് തീരുന്നില്ല. സംഘപരിവാറിന്റെ എതിര്‍പ്പില്‍ ഭയന്ന് ആദ്യ പോസ്റ്റ് പിന്‍വലിച്ച കുഞ്ചാക്കോ ബോബന് എതിരെ ശക്തമായ അമര്‍ഷമാണ് ഫേസ്ബുക്കില്‍ അരങ്ങേറുന്നത്. രണ്ടാമതിട്ട പോസ്റ്റിന് കീഴില്‍ കുഞ്ചാക്കോ ബോബന് വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളുടെ പ്രവാഹമാണ്. ‘ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും രാജ്യം വിടാനുള്ള ക്യൂവില്‍ നില്‍ക്കേണ്ടതല്ലേ’ എന്ന തരത്തിലുള്ളതാണ് കമന്റുകളില്‍ ഏറെയും. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സംവിധായകന് കമലിനോട് രാജ്യംവിടണം എന്നാവശ്യപ്പെടുന്ന സംഘപരിവാര്‍ ഭീഷണിക്കെതിരെ നടന് അലന്‍സിയര്‍ കാസര്‍കോട് ടൗണില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്.