കാട്ടാക്കട : അഗസ്ത്യവനം കാടുകളിൽ ഒരു കാലത്ത് വിലസിയിരുന്ന ഒറ്റയാന്റെ മറ്റൊരു അവതാരമാണോ ഇന്നലെ പേപ്പാറ കാട്ടിൽ യുവാവിന്റെ ജീവനെടുത്തതെന്ന് ആദിവാസികൾ ചോദിക്കുന്നു. മുറിവേറ്റ് കാട്ടിൽ അലയുന്ന ഒറ്റയാനാണ് ഇന്നലെ ഒരാളുടെ ജീവൻ അപഹരിച്ചത്. കൊല കൊല്ലി എന്നു വിളിക്കുന്ന ചക്കമാടൻ എന്ന വിളിപ്പേരുള്ള ആനയാണ് മുന്പ് ഇവിടെ ഒറ്റയാനായി നിരവധി പേരെ കൊന്ന് കൊലവിളിച്ച് വിലസിയത്.
2006 ജൂൺ ഒന്നിന് മയക്കുവെടി വച്ച് പിടികൂടിയ ആന 2006 ജൂൺ 17 ന് കൂട്ടിനകത്ത് വച്ച് ചരിഞ്ഞു. ഈ കാട്ടുകൊമ്പനെ വനത്തിലെ നെല്ലിക്കാപ്പാറയിൽ ആദിവാസികളുടെ രീതിയിൽ സംസ്കരിച്ചിരുന്നു. ആ സ്ഥലമിപ്പോൾ കാണിക്കാരുടെ ആരാധാനകേന്ദ്രമാണ്.
ചക്കമാടൻ എന്ന പേരാണ് ആനയ്ക്ക് ആദ്യമുണ്ടായിരുന്നത്. പഴുത്തചക്ക പ്ലാവിൽ നിന്നും അടർത്തിയെടുത്ത് കഴിക്കുന്ന ആന പിന്നെ അക്രമകാരിയായി മാറി. കോട്ടൂർ കാടുകളിൽ 12 പേരെയാണ് ആന വകവരുത്തിയത്. ആദിവാസി കോളനികളിൽ എത്തി വീട് , കൃഷ ിയിടങ്ങൾ നശിപ്പിക്കുകയും ചെയ്തതോടെ കൊലകൊല്ലി എന്ന പേര് വീണു. ഒറ്റയാനെ പിടിക്കണമെന്ന ആവശ്യമുയർന്നതിനെടുടർന്ന് അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം കോളനിയിൽ എത്തി ആദിവാസികളുടെ പരാതിയും കേട്ടിരുന്നു.
തുടർന്ന് മയക്കുവെടി വച്ച് തളയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ജൂൺ ഒന്നിന് സുന്ദരിമുക്ക് എന്ന സ്ഥലത്തു വച്ച് മയക്കുവെടി വച്ചു. തുടർന്ന് താപ്പാനകളുടെ സഹായത്തോടെ ആനയെ നെല്ലിക്കാപ്പാറയിലെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ തളച്ചത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് ആന ചരിഞ്ഞു. ആനയെ കൂട്ടിൽ നിന്നും മാറ്റിയില്ലെങ്കിൽ ആനയുടെ ജീവൻ ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്ന് ആനപ്രേമി സംഘം മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞിരുന്നു.
അതിനാൽ തന്നെ ആന ചരിഞ്ഞതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും മന്ത്രിസഭ ഉത്തരവിട്ടിരുന്നു. അന്ന് മനുഷ്യനെ സംസ്കരിക്കുന്നതിന് തുല്യമായാണ് ആനയെ സംസ്കരിച്ചത്. തുടർന്ന് കൊലകൊല്ലി ആന ആദിവാസികളുടെ ഗോത്രസംസ്ക്കാരത്തിന്റെ ഭാഗമായി മാറുകയായിരുന്നു.