കൊല്ലങ്കോട്: മുതലമട-ചെമ്മണാംപതിയിൽ ഒറ്റയാനും കള്ളിയന്പാറയിൽ ആനക്കൂട്ടത്തിന്റെയും ആക്രമണംമൂലം മലയോരനിവാസികൾ ഭീതിയിൽ. ഞായറാഴ്ച രാത്രി പത്തരയോടെ ചെമ്മണാംപതി പന്നാടിക്കാട്ടിലെത്തിയ ഒറ്റയാൻ പയസ് പഞ്ഞിക്കാരൻ എന്നയാളുടെ തൊഴുത്തിൽനിന്നും തവിടും കാലിത്തീറ്റയും ഭക്ഷണമാക്കി.
അന്പതോളം പശുക്കളുള്ള തൊഴുത്തിൽ ബൾബ് പ്രകാശിക്കുന്ന സമയത്താണ് ആത്തൂർ കൊന്പനെന്നു പേരുള്ള ഒറ്റയാനെത്തി വിലസിയത്.സമീപത്തെ തോമസ് ജോർജിന്റെ തോട്ടത്തിലെ ഫെൻസിംഗും തകർത്തു. ഒടുവിൽ മൊണ്ടിപതിക്കാട്ടിൽ വനംവകുപ്പും നാട്ടുകാരും പടക്കംപൊട്ടിച്ചും മറ്റുമാണ് ആനയെ ഓടിച്ചത്.
രണ്ടുദിവസമായി ആന പന്നാടിക്കാട് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് തോമസ് ജോർജ് എന്ന കർഷകൻ പറഞ്ഞു. കള്ളിയന്പാറയിൽ പൊറ്റക്കാട്ട് ശ്രീധരന്റെ തോട്ടത്തിലെ ആനക്കൂട്ടം കാർഷികവിളകളും വ്യാപകമായി നശിപ്പിച്ചു.
മുന്നൂറോളം വാഴ, പത്തോളം ജാതി, 12 കവുങ്ങ്, തെങ്ങ്, മാവ് എന്നിവ നശിപ്പിച്ചവയിൽപെടുന്നു. ആനകൾ മൂന്നിടത്തെ ജലസേചന പൈപ്പുകൾ തകർക്കുകയും തെങ്ങുകൾ വേരോടെ പിഴുതുമാറ്റുകയും ചെയ്തു. മാവിന്റെ കൊന്പുകൾ ഒടിച്ചും മാങ്ങപറിച്ചു താഴെയിട്ടും പ്ലാവിൽനിന്നും ചക്ക തിന്നുകയും ചെയ്തു.
രണ്ടു കുട്ടിയാന ഉൾപ്പെടെ ഏഴാനകളുടെ കൂട്ടമാണ് വിളനാശമുണ്ടാക്കുന്നതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞദിവസം സഹോദരങ്ങളായ വാസുദേവൻ, ചെന്താമര എന്നിവരുടെ തോട്ടത്തിലെ കൃഷിവിളകളും ആനകൾ നശിപ്പിച്ചിരുന്നു.