ജോജി തോമസ്
നെല്ലിയാന്പതി : വനമേഖലയായ നെല്ലിയാന്പതിയിലേക്ക് എത്തുവാനുള്ള ഏക മാർഗമായ നെല്ലിയാന്പതി-നെന്മാറ ചുരം റോഡിൽ ഒറ്റയാൻ ഇറങ്ങിയതു സഞ്ചാരികൾക്കു കാഴ്ചയായി.
നെന്മാറ-നെല്ലിയാന്പതി സംസ്ഥാന പാതയിൽ ചെറുനെല്ലിക്കും മരപാലത്തിനും ഇടക്കാണ് കെഎസ്ആർടിസി ബസിനു മുന്നിൽ നില ഉറപ്പിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ നെല്ലിയാന്പതിയിൽ നിന്ന് മടങ്ങുന്ന ബസിന് മുന്നിലേക്കായാണ് ഒറ്റയാൻ നടന്നടുത്തത്. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ കാട്ടാനക്കൂട്ടം നില ഉറപ്പിക്കുന്നതിനാൽ നെന്മാറ നഗരത്തിലേക്കുള്ള യാത്ര ഭീതി നിറഞ്ഞതായി നെല്ലിയാന്പതി നിവാസികൾ പറഞ്ഞു.
ഇതോടെ നെല്ലിയാന്പതി കാണാനെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറിലധികം പേർ ചുരം പാത ഇറങ്ങാൻ കഴിയാതെ കുടുങ്ങി.
ഒറ്റയാൻ കാട്ടിലേക്ക് കയറിയതോടെയാണ് യാത്രക്കാർ ചുരം ഇറങ്ങിയത്.നെല്ലിയാന്പതിയിലേക്ക് യാത്ര നിയന്ത്രണമുള്ളതിനാൽ മിക്ക ദിവസങ്ങളിലും ചെറുനെല്ലി മുതൽ അയ്യപ്പൻ തിട്ട് വരെയുള്ള ഭാഗങ്ങളിൽ കാട്ടാന പാതയിലേക്ക് ഇറങ്ങുന്നത് പതിവാണ്.
ഞായറാഴ്ച മുതൽ പോത്തുണ്ടി ചെക്ക് പോസ്റ്റിൽ നിന്ന് നിയന്ത്രണങ്ങളോടെ സഞ്ചാരികളെ കയറ്റിവിട്ടു തുടങ്ങിയിരുന്നു.ഇരുചക്രവാഹനങ്ങളിലുൾപ്പെടെ നെല്ലിയാന്പതി കണ്ട് മടങ്ങിവരുന്നതിനിടെയാണ് ആനകൂട്ടത്തിനു മുന്നിലാണ് കുടുങ്ങിയത്.
കുട്ടിയാന കൂടിയുള്ളതിനാൽ ആനകൂട്ടം വാഹനങ്ങൾ കണ്ടിട്ടും കാട്ടിലേക്ക് കയറിപ്പോയില്ല.കഴിഞ്ഞ ദിവസം നെല്ലിയാന്പതിയിൽ കട്ടാനയുടെ ആക്രമണത്തിൽ നവ ദന്പതികൾക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച നെല്ലിയാംപതി കാരപാറ തൂക്ക് പാലം കാണാൻ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ആലത്തൂർ വാനൂർ കോട്ടപറന്പ് വീട്ടിൽ അമൃതയും ഭർത്താവ് അർജുനനും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കു പറ്റിയത്.
കാട്ടാനകളും കുട്ടിയാനയും ഉൾപ്പെടെയുള്ള സംഘം ഇവർ സഞ്ചരിച്ച ഇരുചക്രവാഹനം ആക്രമിച്ച് തട്ടി തെറിപ്പിക്കുകയായിരുന്നു.
ബൈക്കിൽ നിന്നും തെറിച്ച് വീണ അമൃതയ്ക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റി. അമൃത ഇപ്പോഴും കോയന്പത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.
കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് വനംവകുപ്പ് സമയക്രമം ഏർപ്പെടുത്തിയിരുന്നു. വിനോദസഞ്ചാരികൾ അഞ്ചുമണിക്ക് മുന്പായി തിരിച്ച് ഇറങ്ങുന്നതും കർശനമാക്കിയിരുന്നു.