മുണ്ടക്കയം: കൊന്പുകുത്തിയിൽ വീണ്ടും ആനയെത്തി. കഴിഞ്ഞ ഏഴു ദിവസമായി പിൻമാറാതെ നിൽക്കുന്ന കാട്ടാന ഇന്നലെ രാത്രി വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. രാത്രി 10.45നാണ് കണ്ണാട്ട് കവലയ്ക്കു മുകളിൽ കൃഷിയിടങ്ങളിൽ ആന ഇറങ്ങിയത്. നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന കൃഷിയിടങ്ങളിൽ തന്നെ നില ഉറപ്പിച്ചു. പടക്കം പൊട്ടിച്ചും തീ തെളിച്ചും ആനയെ ഭയപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടു.
ആളുകൾക്ക് നേരേ ആന ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭയന്ന് ഓടിയ പുതുപ്പറന്പിൽ മനു ചാണകക്കുഴിയിൽ വീണ് പരിക്കേറ്റു. സുധാകരൻ കോച്ചേരിൽ, ശ്രീനിവാസൻ കാഞ്ഞിരത്തുമുകളേൽ, കുഞ്ചാക്കോ കുറ്റിക്കാട്, കൃഷ്ണൻകുട്ടി തടത്തിൽ, ഉദയകുമാർ തടത്തിൽ എന്നിവരുടെ പുരയിടങ്ങളിലെ തെങ്ങ്, വാഴ, കപ്പ മുതലായ കൃഷികൾ ആന വ്യാപകമായി നശിപ്പിച്ചു.
ജനവാസ മേഖലയിൽ ഇറങ്ങുന്ന ഒറ്റയാന്റെ ആക്രമണം ഭയന്ന് ഇരുട്ടുവീണു കഴിഞ്ഞാൽ വീടിന്റെ വെളിയിൽ ഇറങ്ങുവാൻ പോലും സാധിക്കാത്ത ഭയാനകമായ അവസ്ഥയാണ് ഇവിടെ ഉള്ളത.കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശത്തെ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷികളാണ് നശിച്ചിരിക്കുന്നത്. മേഖലയിലെ താമസക്കാർ വീടിനു ചുറ്റും പുരയിടത്തിൽ തീ തെളിച്ചു ഭീതിയോടെയാണ് കഴിയുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്ന് പുലർച്ചെയോടെയാണ് ആന തിരികെ കാട്ടിലേക്ക് മടങ്ങിയത്.