കോട്ടയം: ഒട്ടുപാലിനു ഡിആർസി (ഡ്രൈ റബർ കണ്ടന്റ് അഥവാ ജലാംശം നീക്കം ചെയ്യപ്പെട്ട റബർ) അളവ് നിശ്ചയിക്കാൻ ഒരു മാനദണ്ഡവുമില്ലാതിരിക്കെ ഒട്ടുപാൽ മൂന്നു തരത്തിൽ വേർതിരിച്ചു വില നിശ്ചയിക്കുന്നതു ചൂഷണമാണെന്നു കർഷകർ.
ഒട്ടുപാൽ അരച്ചു ഫാക്ടറികളിൽ തയാറാക്കുന്ന ക്രംബിന്റെ സാന്പിൾ പരിശോധിച്ചു ഡിആർസി കണക്കാക്കാമെന്നല്ലാതെ ഒട്ടുപാലിനു പരിശോധനാ സംവിധാനം നിലവിലില്ല. നിലവിൽ 80 ശതമാനം, 75 ശതമാനം, 60 ശതമാനം എന്നിങ്ങനെ അശാസ്ത്രീയ മാനദണ്ഡമുണ്ടാക്കി റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയേക്കാൾ ഏറെ താഴ്ത്തി 75 ശതമാനം ഡിആർസി എന്ന പൊതുമാനദണ്ഡം അടിസ്ഥാനമാക്കി വില നിശ്ചയിക്കുകയാണ് വ്യാപാരികൾ. കാലങ്ങളായി ഇതേ ചൂഷണം തുടർന്നുപോന്നിട്ടും റബർ ബോർഡ് മൗനം പാലിക്കുന്നതായി കർഷക സംഘടനകൾ പറയുന്നു.
റബർ ബോർഡ് വിലയേക്കാൾ കിലോയ്ക്ക് 10 രൂപ വരെ താഴ്ത്തിയാണ് ഈ ചൂഷണം കാലങ്ങളായി തുടരുന്നത്. നിലവിൽ 85 രൂപ വരെ ഒട്ടുപാലിന് വിലയുണ്ടായിട്ടും വ്യാപാരികൾ ഏറെ താഴ്ത്തിയാണു വില പ്രഖ്യാപിക്കുന്നത്. ക്രംബ് ഫാക്ടറികളുമായി വൻകിട വ്യാപാരികൾ നടത്തുന്ന ഒത്തുകളിയാണു കാലങ്ങളായി തുടരുന്ന ഈ ചൂണത്തിനു പിന്നിലെന്ന് കർഷകർ പറയുന്നു.
നിലവിൽ ഒട്ടുപാൽ എന്ന പേരിൽ കപ് ലംബും വള്ളിപ്പാലും വെയിൽ കൊള്ളിച്ചോ പുകപ്പുരയിലോ ചിമ്മിനിയിലോ ഉണക്കി ഒരാഴ്ചത്തെയോ സീസണിലേയോ ചരക്ക് കർഷകർ ഒരുമിച്ചു വിൽക്കുകയാണ്. നന്നായി ഉണങ്ങിയതും ജലാംശമുള്ളതും പച്ചപ്പുള്ളതുമായ ചണ്ടിയും വള്ളിപ്പാലും തൂക്കി വ്യാപാരികൾക്കു നൽകുന്നതു പൊതുവായ വില മാനദണ്ഡമാക്കിയാണ്.
ഒട്ടേറെ കർഷകരിൽനിന്ന് സംഭരിക്കുന്ന പല നിലവാരത്തിലുള്ള ഒട്ടുപാൽ ക്രംബ് ഫാക്ടറികളിൽ അരച്ച് 20 കിലോ തൂക്കമുള്ള ബ്ലോക്ക് റബറാക്കി മാറ്റി ടയർ കന്പനികൾക്കു വിൽക്കുകയാണു പതിവ്. ബ്ലോക്ക് റബറിന്റെ സാന്പിൾ പരിശോധിച്ച് ഡിആർസി നിശ്ചയിക്കാമെന്നല്ലാതെ ഉണങ്ങിയ ഒട്ടുപാലിന് ഡിആർസി മാനദണ്ഡമില്ല.
റബർ ഷീറ്റ് ആർഎസ്എസ് ഒന്നു മുതൽ അഞ്ചു വരെ വിവിധ ഗ്രേഡുകൾ തിരിക്കുന്നതുപോലെ ഉണങ്ങിയതും ഉണങ്ങാത്തതും എന്ന മട്ടിൽ വേർതിരിച്ചല്ല ഒട്ടുപാൽ വ്യാപാരികൾ വാങ്ങുന്നത്. നന്നായി ഉണങ്ങിയതും ഉയർന്ന നിലവാരമുള്ളതുമായ ഒട്ടുപാലും 75 ശതമാനം ഡിആർസി എന്ന ഗ്രേഡ് വിലയിട്ടാണ് കർഷകരിൽനിന്നു വാങ്ങുന്നത്.