ആയിരക്കണക്കിനു പ്രേക്ഷരുള്ള ടിവി ചര്‍ച്ചയില്‍ വെബ്കാം മുഖേന ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്ന നിരൂപകനെ ലൈവായി വിഷമവൃത്തത്തിലാക്കിയത് സ്വന്തം മകന്‍. പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ഡാനിയല്‍ സ്മിത്ത് റോവ്‌സേയാണ് തന്റെ അഞ്ചു വയസുകാരന്‍ മകന്‍ മൂലം അല്പനേരത്തേക്ക് പിരിമുറുക്കത്തിലായത്. അല്‍ ജസീറ ചാനലില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങിലെ വേറിട്ട പ്രതിഷേധ പരിപാടിയേക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നതിനിടേയായിരുന്നു സംഭവം.
ഡാനിയല്‍ തന്റെ നിലപാടുകള്‍ സഗൗരവം വിശദീകരിക്കുന്നതിനിടെ ഓടിയെത്തിയ മകന്‍ അച്ഛന്റെ തോളില്‍ തൂങ്ങിയാടി. ഇതോടെ ഡാനിയല്‍ എന്തുചെയ്യണമെന്നറിയാതെ ചൂളിപ്പോയി. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന ചാനല്‍ അവതാരകനാകട്ടെ അപ്രതീക്ഷിതമായി ഫ്രെയിമില്‍ എത്തിയ താരത്തെ പരിചയപ്പെടുത്താന്‍ ഡാനിയലിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ധൈര്യം വീണ്ടെടുത്ത ഡാനിയല്‍ തന്റെ മകനെക്കൊണ്ട് പ്രേക്ഷകരെ അഭിവാദ്യം ചെയ്യിച്ചശേഷം ചര്‍ച്ച തുടരുകയായിരുന്നു.
അച്ഛന്റെകൈയിലൂടെ മകന്‍ കാറോടിച്ച് കളിക്കുന്നതിനൊക്കെ അല്‍ ജസീറയുടെ പ്രേക്ഷകര്‍ സാക്ഷിയായി. തങ്ങള്‍ക്കും ‘ഒരു ബിബിസി ഡാഡിയേക്കിട്ടി’ എന്ന കുറിപ്പോടെ അല്‍ജസീറ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും നല്‍കി. ബിബിസിയില്‍ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന പ്രഫസര്‍ റോബര്‍ട്ട കെല്ലിക്കും കഴിഞ്ഞ വര്‍ഷം സമാന അനുഭവം നേരിടേണ്ടിവന്നിരുന്നു. മുറി പൂട്ടാതിരുന്നതാണ് പണിയായതെന്നും മകന്റെ ദൃശ്യങ്ങളും ടിവിയില്‍ കാണിച്ചതിന് അച്ഛനെന്ന നിലയില്‍ സന്തോഷമുണ്ടെന്നും ഡാനിയല്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.