മഞ്ചേരി: തിരക്കേറിയ നഗരത്തിലൂടെയുള്ള ആറുവയസുകാരന്റെ കുതിര സവാരി നാട്ടുകാരെ വിസ്മയഭരിതരാക്കി.
കാലടി നീലേശ്വരം ബിനു പറക്കാട്ട്-ശ്രുതി ദന്പതിമാരുടെ മകൻ രണ്ടാം ക്ലാസുകാരനായ ദേവക് ബിനുവാണ് ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അനായാസം കുതിര സവാരി നടത്തി നാട്ടുകാരുടെ ഹീറോ ആയത്.
കുടുംബം മഞ്ചേരിയിൽ ആരംഭിച്ച ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കൊച്ചു മിടുക്കന്റെ അന്പരപ്പിക്കുന്ന പ്രകടനം.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ദേവക്കിന്റെ കുതിരക്കന്പം പിതാവ് ബിനു തിരിച്ചറിഞ്ഞത്.
കുടുംബം താമസിച്ച റിസോർട്ടിലുണ്ടായിരുന്ന കർണൻ എന്നു പേരുള്ള കുതിരയുമായി ദേവക് തനിയെ സവാരി ആരംഭിച്ചു.
തുടർന്ന് ബംഗളൂരുവിൽ നിന്നു ഒന്നരലക്ഷം രൂപ വില നൽകി ഝാൻസിറാണി എന്ന കുതിരയെയും വാങ്ങി പരിശീലനം നൽകുകയായിരുന്നു.
കൂട്ടുകാരെല്ലാം ബസിൽ സ്കൂളിൽ പോകുന്പോൾ ദേവക് കുതിരപ്പുറത്താണ് വിദ്യാലയത്തിലെത്തുന്നത്.
നിരവധി പുരസ്കാരങ്ങളും ഇതിനകം ഈ കൊച്ചു മിടുക്കൻ നേടിയെടുത്തു. സ്റ്റണ്ട് ബൈക്ക് സ്വന്തമാക്കുകയും അത് ഓടിക്കുന്നതിൽ പ്രാവീണ്യം നേടുകയുമാണ് തന്റെ അടുത്തലക്ഷ്യമെന്ന് ദേവക് പറഞ്ഞു.