കൊടകര: ഔഷധച്ചെടി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പത്തുലക്ഷത്തോളം ഔഷധച്ചെടികൾ സൗജന്യമായി വിതരണം ചെയ്യുകയാണ് മറ്റത്തൂരിലെ ലേബർ കോണ്ട്രാക്്റ്റ് സഹകരണ സംഘം. കുറുന്തോട്ടി, ശതാവരി തുടങ്ങിയ വിവിധയിനം ഔഷധ സസ്യങ്ങളുടെ തൈക്കളാണ് സംഘം സൗജന്യമായി വിതരണം ചെയ്യുന്നത്. പുതുക്കാട് മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ഔഷധ വനം പദ്ധതിയുടെ ഭാഗമായാണ് ഔഷധച്ചെടികൾ വിതരണം ചെയ്യുന്നത്.
കോടാലി തേമാലി ഗ്രാമത്തിനു സമീപമുള്ള നഴ്സറിയിലാണ് ഇതിനാവശ്യമായ തൈകൾ നട്ടുവളർത്തിയിട്ടുളളത്. ഔഷധച്ചെടികൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ നഴ്സറിയാണ് മറ്റത്തൂരിലേത്. ഈ മണ്സൂണ് കാലത്ത് പത്തുലക്ഷം ഔഷധച്ചെടി തൈകളാണ് സംഘം നഴ്സറിയിൽ നിന്ന് ഉൽപ്പാദിച്ചിട്ടുള്ളത്.
ഇതിൽ അഞ്ചുലക്ഷത്തോളം തൈകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞതായി സംഘം പ്രസിഡന്റ് ് സി.സി.രവി പറഞ്ഞു. ദേശീയ സംസ്ഥാന ഔഷധസസ്യ ബോർഡുകളുടേയും പീച്ചി വനഗവേഷണ കേന്ദ്രത്തിന്റേയും സഹകരണത്തോടെയാണ് ഔഷധച്ചെടി നഴ്സ്റി പ്രവർത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, ജില്ല കുടുംബശ്രീ മിഷൻ, ഔഷധ സസ്യബോർഡ് എന്നിവയുടെ സഹായത്തോടെ മറ്റത്തൂർ ലേബർ സഹകരണ സംഘം പുതുക്കാട് മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ഔഷധ വനം പദ്ധതിയുടെ ഭാഗമാണ് ഈ ഔഷധ സസ്യ നഴ്സറി.
പോളിഹൗസ് സംവിധാനമൊരുക്കിയാണ് ഔഷധ സസ്യങ്ങൾ വളർത്തുന്നത്. ഇവിടെ വളർത്തുന്ന പത്തു തരം ഒൗഷധ ചെടികളിൽ പ്രധാനം കുറുംതോട്ടിയാണ്. ഓരില, മൂവില, കച്ചോലം, അടപതിയിൻ, ശതാവരി, ഇരുവേലി, കൊടുവേലി, ആടലോടകം എന്നിവയുടെ തൈക്കളും ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഗുണമേന്മയുള്ള വിത്തുകൾ വനഗവേഷണ കേന്ദ്രവും ഔഷധ സസ്യബോർഡുമാണ് നൽകുന്നത്.
മുളപ്പിച്ചെടുത്ത തൈകൾ ഔഷധവനം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്കാണ് നൽകി വരുന്നത്. ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് ഔഷധസസ്യ കൃഷിയുടെ പരിപാലത്തിൽ പരിശീലനം നേടിയ വിദഗ്ധ തൊഴിലാളികളേയും സംഘം വിട്ടുനൽകുന്നുണ്ടെന്ന് സെക്രട്ടറി കെ.പി.പ്രശാന്ത് പറഞ്ഞു. ഇവർ കൃഷിചെയ്തുണ്ടാക്കുന്ന ഔഷധസസ്യങ്ങൾ ന്യായവില നൽകി സംഭരിക്കുന്നതും മറ്റത്തൂർ ലേബർ സഹകരണ സംഘമാണ്.
ഒൗഷധി ഉൾപ്പടെ സംസ്ഥാനത്തെ പ്രമുഖ ആയുർവ്വേദ ഔഷധ നിർമ്മാതാക്കൾക്കാണ് ഇത് നൽകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലേക്കാവശ്യമായ കദളിപ്പഴം ലഭ്യമാക്കുന്നതിന് മറ്റത്തൂർ ലേബർ സഹകരണ സംഘം ജില്ല കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കി വരുന്ന കദളീവനം പദ്ധതി ദേശീയ ശ്രദ്ധ നേടിയിട്ടുള്ളതാണ്.