രോഗങ്ങളകറ്റി ആരോഗ്യമുണ്ടാക്കാൻ കർക്കടകത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.അധികം പണച്ചെലവില്ലാതെ ചെയ്യാവുന്ന നിരവധി ആരോഗ്യ സംരക്ഷണ ഉപാധികൾ ആയുർവേദത്തിൽ പറയുന്നു. അതിലൊന്നാണ് ഔഷധക്കാപ്പി.
ഇലകൾ ഉണക്കാതെയും
തുളസിയില, പനികൂർക്കയില, മല്ലി, ജീരകം, ചുക്ക്, കരുപ്പെട്ടി ഇവ ചേർത്തുണ്ടാക്കിയ ഔഷധക്കാപ്പി വളരെ നല്ലതാണ്.
ഔഷധങ്ങൾ ഉണക്കി പൊടിച്ചെടുത്ത് തേയില, കാപ്പിപ്പൊടി എന്നിവയ്ക്ക് പകരം ഇട്ടാൽ മതിയാകും. ഇലകൾ ഉണക്കാതെയും ചേർക്കാം.
കുട്ടികൾക്ക് എരിവുകുറച്ച്
ഗ്രീൻടീ, ചായ, കാപ്പി എന്നിവയ്ക്കു പകരം രാവിലെയും വൈകുന്നേരവും ചെറുചൂടോടെ ഔഷധക്കാപ്പി ഉപയോഗിക്കാം.എരിവ് കുറച്ചാണ് കുട്ടികൾക്കു വേണ്ടി തയാറാക്കേണ്ടത്.
അസിഡിറ്റിയുള്ളവർ
അസിഡിറ്റി കൂടുതലുള്ളവർ ആഹാരശേഷമേ കുടിക്കാവൂ. അല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുമ്പ് കുടിക്കുന്നത് കൂടുതൽ പ്രയോജനം ലഭിക്കും.
പ്രതിരോധശേഷിക്ക്
തണുപ്പ്, ദഹനക്കേട് എന്നിവയകറ്റി ശരീരത്തിൽ ആവശ്യത്തിന് ചൂട്, വിശപ്പ് എന്നിവയുണ്ടാകുന്നു. പകർച്ച വ്യാധികൾ അകറ്റാൻ ആവശ്യമായ രോഗപ്രതിരോധശേഷി വർധിക്കുന്നു.
ചുക്ക് കാപ്പി, പനിക്കാപ്പി, കരുപ്പെട്ടിക്കാപ്പി
ഔഷധക്കാപ്പിക്ക് ചുക്ക് കാപ്പി, പനിക്കാപ്പി, കരുപ്പെട്ടിക്കാപ്പി എന്നൊക്കെ പേരുണ്ട്. നെയ്യ് ചേർത്ത് ഉപയോഗിക്കുകയും ചെയ്യാം.
ജലദോഷം മാറാൻ
തൊണ്ടവേദന, ജലദോഷം, പനി, ചുമ എന്നിവയ്ക്ക് വളരെ നാളുകളായി കേരളീയരുടെ പ്രാഥമിക ഔഷധം ഇതാണ്. ഇപ്പോൾ ഈ ലക്ഷണങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്. ചികിത്സയേക്കാൾ പ്രതിരോധമാണ് കോവിഡിനെ തുരത്താാൻ ആവശ്യമായത്. പകർച്ചവ്യാധിപ്രതിരോധത്തിന് പറ്റിയ ഏറ്റവും ചെലവു കുറഞ്ഞ ഔഷധ പാനീയമാണ് ചുക്ക് കാപ്പി.
ദശമൂല കടുത്രയം കഷായ ചൂർണം
അമൃതോത്തരം കഷായ ചൂർണ്ണം, ദശമൂല കടുത്രയം കഷായ ചൂർണ്ണം, ഷഡംഗചൂർണ്ണം എന്നീ ഔഷധങ്ങളുപയോഗിച്ച് മധുരം ആവശ്യമുള്ളവർ കരുപ്പെട്ടി ചേർത്ത് കുടിച്ചാലും ഔഷധക്കാപ്പിയുടെ പ്രയോജനം ലഭിക്കും.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS,
MD സീനിയർ മെഡിക്കൽ ഓഫീസർ,
ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481