കൊടകര: പുതുക്കാട് മണ്ഡലത്തിലെ ഔഷധ വനം പദ്ധതിയിലൂടെ ഔഷധ സസ്യകൃഷി വ്യാപകമാക്കാൻ മറ്റത്തൂർ ലേബർ കോണ്ട്രാക്ട് സഹകരണ സംഘം പദ്ധതിയൊരുക്കുന്നു. പ്രതിവർഷം പത്തുലക്ഷം ഔഷധ സസ്യതൈകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഔഷധ സസ്യ നഴ്സറിക്ക് മറ്റത്തൂർ കോടാലിയിൽ തുടക്കം കുറിച്ചു. ദേശീയ സംസ്ഥാന ഔഷധ സസ്യബോർഡുകളുടേയും പീച്ചി വനഗേവേഷണ കേന്ദ്രത്തിന്റേയും സഹകരണത്തോടെയാണ് മറ്റത്തൂർ ലേബർ സഹകരണ സംഘം കോടാലിയിൽ ഔഷധ സസ്യ നഴ്സ്റി ആരംഭിച്ചിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങൾ, ജില്ല കുടുംബശ്രീ മിഷൻ, ഔഷധ സസ്യബോർഡ് എന്നിവയുടെ സഹായത്തോടെ മറ്റത്തൂർ ലേബർ സഹകരണ സംഘം പുതുക്കാട് മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ഔഷധ വനം പദ്ധതിയുടെ ഭാഗമാണ് ഔഷധ സസ്യ നഴ്സറി. പോളി ഹൗസ് സംവിധാനമൊരുക്കിയാണ് ഔഷധ സസ്യങ്ങൾ വളർത്തുന്നത്. ഇവിടെ വളർത്തുന്ന പത്തു തരം ഔഷധ ചെടികളിൽ പ്രധാനം കുറുംതോട്ടിയാണ് .
ഓരില, മൂവില, കച്ചോലം, അടപതിയിൻ, ശതാവരി, ഇരുവേലി, കൊടുവേലി, ആടലോടകം എന്നിവയുടെ തൈക്കളും ഇവിടെ ഉല്പാദിപ്പിക്കുന്നു. ഇതിനാവശ്യമായ ഗുണമേന്മയുള്ള വിത്തുകൾ വനഗവേഷണ കേന്ദ്രവും ഔഷധ സസ്യബോർഡുമാണ് നൽകുന്നത്.
ഇവ മുളപ്പിച്ചെടുക്കുന്ന തൈകൾ ഔഷധ വനം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് നൽകും. ഇവർ കൃഷിചെയ്തുണ്ടാക്കുന്ന ഔഷധസസ്യങ്ങൾ ന്യായവില നൽകി സംഭരിക്കുന്നതും ഔഷധി ഉൾപ്പടെ സംസ്ഥാനത്തെ പ്രമുഖ ആയുർവേദ ഔഷധനിർമാതാക്കൾക്ക് വിറ്റഴിക്കുന്നതും മറ്റത്തൂർ ലേബർ സഹകരണ സംഘമാണ്.
കോടാലിയിലെ ഔഷധസസ്യ നഴ്സറി പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ ഉപകേന്ദ്രമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് സംഘം സെക്രട്ടറി കെ.പി.പ്രശാന്ത് പറഞ്ഞു. ജൂണ്, ജൂലൈ മാസങ്ങളിൽ മാത്രം നാലുലക്ഷത്തോളം കുറുന്തോട്ടിതൈകൾ ഇവിടെ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഔഷധ സസ്യങ്ങൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന നഴ്സറി ഇന്ത്യയിലാദ്യമായി മറ്റത്തൂരിൽ മാത്രമാണ് ആരംഭിച്ചിട്ടുപള്ളതെന്ന് കെ.പി.പ്രശാന്ത് പറഞ്ഞു. ജില്ലയിലെ ഇതര ഭാഗങ്ങളിൽ ഔഷധസസ്യകൃഷി നടത്താനാഗ്രഹിക്കുന്ന കർഷകർക്കും തൈകൾ നൽകാനും സംഘത്തിന് പദ്ധതിയുണ്ട്.