പരിയാരം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ രണ്ടിന് പരിയാരം ഔഷധി കേന്ദ്രം സൗജന്യമായി വിതരണം ചെയ്യുന്നത് ഒരു ലക്ഷം ഔഷധച്ചെടികൾ. 23 ഇനം ഔഷധച്ചെടികളാണ് ഇതിനായി നഴ്സറിയില്‍ വളര്‍ത്തിയെടുക്കുന്നത്. ഇത്തവണ വേനല്‍ കടുത്തതോടെ മൂന്ന് ഗ്രീന്‍ ഹൗസുകള്‍ക്കുള്ളില്‍ 24 മണിക്കൂറും സ്പ്രിംഗ്ളര്‍ വഴി ജലസേചനം നടത്തിയാണ് ചെടികൾ പരിപാലിക്കുന്നത്.
വിവിധ സ്കൂളുകള്‍ക്കും സംഘടനകള്‍ക്കുമാണ് ഇവിടെനിന്നും തൈകള്‍ വിതരണം ചെയ്യുന്നത്. എല്ലാവര്‍ഷവും ഇവിടെനിന്നും ഔഷധസസ്യത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യാറുണ്ടെങ്കിലും ഇത്രയേറെ ഇനങ്ങള്‍ ഒന്നിച്ച് വളര്‍ത്തിയെടുക്കുന്നത് ആദ്യമായിട്ടാണെന്ന് നഴ്സറിയുടെ ചുമതലയുള്ള പ്ലാന്റ് കണ്‍സള്‍ട്ടന്റ് പി.കെ.ശിവശങ്കരന് പറഞ്ഞു.
ഇത്തവണ അപൂര്‍വങ്ങളായ ലക്ഷ്മിതരു, ഏകനായകം, നീലഅമരി, മുറികൂടി, ചിറ്റരത്ത എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇവ കൂടാതെ കുമുദ്, കരിങ്ങാലി, താന്നി, ഉങ്ങ്, കൂവളം, വേപ്പ്, നീര്‍മരുത്, കണിക്കൊന്ന, നെല്ലി, പുളി, രക്തചന്ദനം, പേര, നിലനാരകം, നന്നാറി, പനിക്കൂര്‍ക്ക, രാമച്ചം, എരിക്ക്, കറിവേപ്പില എന്നിവയും വളര്‍ത്തിയെടുത്തിട്ടുണ്ട്.
തലമുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടിയെ പ്രതിരോധിക്കുന്നതിനും നീലഅമരി ഏറെ വിശേഷപ്പെട്ട ഔഷധച്ചെടിയാണ്. പോളിത്തീന്‍ ബാഗുകളില്‍ വളര്‍ത്തിയെടുത്ത ഔഷധസസ്യങ്ങള്‍ ആദ്യത്തെ ഒരുവര്‍ഷം നന്നായി പരിപാലിച്ചാല്‍ പിന്നീട് ഏതു കാലാവസ്ഥയിലും വളരാന്‍ കരുത്തുള്ളവയാണ്. ഇവയുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പരമാവധി വളര്‍ത്തിയെടുത്തത്.
ഭാവിയില്‍ ഔഷധസസ്യങ്ങളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടിയുടെ ഭാഗമാണ് ഔഷധി നടത്തിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചുമുതല്‍ മാത്രമേ ചെടികള്‍ വിതരണം ചെയ്യുകയുള്ളൂ. ആയുര്‍വേദ ചികിത്സയ്ക്കു പ്രചാരം വർധിച്ചതോടെ കേരളത്തില്‍ ഔഷധസസ്യങ്ങള്‍ക്കു ധാരാളം ആവശ്യക്കാരുണ്ട്. മിക്ക മരുന്നുകളും വിദേശത്തുനിന്നുമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
ഇനിയും ഔഷധസസ്യ കൃഷിയുടെ പ്രാധാന്യം മലയാളി തിരിച്ചറിഞ്ഞിട്ടില്ലെന്നും റോഡരികുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി ഔഷധസസ്യ കൃഷി ഊര്‍ജിതമാക്കുന്നതിലൂടെ വലിയ സാമ്പത്തിക ലാഭം നേടിയെടുക്കാനാവുമെന്നും ഔഷധി അധികൃതര്‍ പറയുന്നു. ചെടികള്‍ ആവശ്യമുള്ള സന്നദ്ധ സംഘടനകള്‍ പരിയാരം ഔഷധിയുമായി നേരിട്ട് ബന്ധപ്പെടണം.