മലയാള സിനിമയില്‍ വീണ്ടും ആക്ഷനും കട്ടും ശബ്ദം ഉയര്‍ന്നു തുടങ്ങി. കോവിഡിന്റെ ആഗമനത്തോടെ തകര്‍ന്നു തരിപ്പിണമായതാണ് സിനിമാ ലോകം.
തിയറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിംഗ് നിന്നു പോവുകയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പോലും സാധ്യമാകാതിരുന്നിടത്തു നിന്നും തിരിച്ചു വരവിനൊരുങ്ങുകയാണ് ഇപ്പോള്‍.
എന്നാല്‍ കേരളത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിച്ചുകൊണ്ട് ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ലാത്തതാണ് മലയാള സിനിമയെ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി.
ഇതിനെ പ്രതിരോധിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്തി പ്രതിരോധം തീര്‍ക്കുകയാണ് സിനിമാ പ്രവര്‍ത്തകരും. അതേ, മലയാള സിനിമ ഔട്ട് ഓഫ് സ്റ്റേഷനിലാണ്…
ഷെഡ്യൂള്‍ പാക്കപ്പ്
കോവിഡിനു മുമ്പും ആദ്യ ഘട്ട കോവിഡ് വ്യാപനത്തിനും ശേഷം സിനിമാ ലോകം ചലിച്ചു തുടങ്ങിയപ്പോഴുമായി ഷൂട്ടിംഗ് തീര്‍ത്ത 50-ല്‍ അധികം ചിത്രങ്ങളാണ് ഇവിടെ പെട്ടിയിലിരിക്കുന്നത്.
ഇടക്കാലത്ത് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് നടത്തി പ്രേക്ഷകര്‍ക്കു മുമ്പില്‍ സിനിമകള്‍ എത്തുകയും ചെയ്തിരുന്നു.
തിയറ്ററുകള്‍ തുറന്നതും അതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകള് വിപ്ലകരമായി പ്രേക്ഷക സ്വീകര്യത നേടിയതുമാണ് അതിനുവഴിവെച്ചത്.
എന്നാല്‍ രണ്ടാം തരംഗത്തോടെയാണ് വീണ്ടും അനിശ്ചിതത്തത്തിലേക്കു കാര്യങ്ങളെ എത്തിച്ചത്. തകര്‍ന്ന സിനിമാ മേഖല വീണുടഞ്ഞതു പോലെ.
ലോകോത്തര ഒടിടി പ്ലാറ്റ്ഫോമുകള് മലയാള സിനിമയ്ക്കു വിപണന മൂല്യം കണ്ടെത്തിയതോടെ ഒരു ഫിനിക്സ് പക്ഷിയെ പോലെ വീണ്ടും ഉയര്ത്തെഴുന്നേല്ക്കാന് ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ ഷൂട്ടിംഗ് നടത്തിയും സിനിമ ഒരുക്കാനുള്ള ശ്രമങ്ങളായി മാറുന്നത്.
പുതിയ ചിത്രങ്ങളും മുമ്പ് ഷൂട്ടിംഗ് പാതിയില്‍ തീര്‍ത്ത ഒരുപിടി ചിത്രങ്ങളും ഇതോടെ തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു ചേക്കേറുകയാണ്.
അതിര്‍ത്തിക്കപ്പുറം മോഹന്‍ലാലും പൃഥ്വിയും ദിലീപും
സിനിമാ മേഖല താല്കാലികമായുള്ള പ്രതിസന്ധികളെ മാത്രമാണ് ഉപ്പോള്‍ നേരിടുന്നത് എന്നതിനു തെളിവാണ് അണിയറയില്‍ ഒരുങ്ങുന്ന വലിയതും ചെറുതുമായ പ്രോജക്ടുകള്‍.
ശുഭസൂചകമായ നല്ല നാളെകളെ പ്രതീക്ഷിച്ചുകൊണ്ട് നഷ്ടം സഹിച്ചും മലയാള സിനിമ ഉയര്ത്തെഴുന്നേല്ക്കാന് ശ്രമിക്കുന്നത്.
അതിന്റെ ഭാഗമായി മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം ബ്രോ ഡാഡി, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്, കുഞ്ചാക്കോ ബോബന്റെ പട തുടങ്ങിയ ചിത്രങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഷൂട്ടിംഗ് ആരംഭിച്ചത്.
മോഹന്‍ലാലും പൃഥ്വിരാജും നായകന്മാരായി കല്യാണി പ്രിയദര്ശന്, മീന, കനിഹ തുടങ്ങിയ പ്രിയ നായികമാരും ഒന്നിക്കുന്ന ബ്രോ ഡാഡി ഹൈദരാബാദില്‍ 15ന് ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.
തികച്ചും കുടുംബാന്തരീഷത്തില്‍ ചിരിക്കും ചിന്തയ്ക്കും പ്രാധാന്യം നല്കി ഒരുക്കുന്ന ബ്രോ ഡാഡി ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
നിശ്ചിത ആളുകളെ മാത്രം അണിനിരത്തി ഇന്‍ഡോര്‍ ഷൂട്ടിംഗ് പോലും സാധ്യമാകാത്തതിനാലാണ് ഷൂട്ടിംഗ് ഹൈദരാബാദിലേക്കു മാറ്റേണ്ടി വന്നതെന്നു ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയായ കേശു ഈ വിടിന്റെ നാഥന് അവസാന ഘട്ട ഷൂട്ടിംഗിനായാണ് രാമേശ്വരത്ത് തമ്പടിച്ചിരിക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിനു തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സജീവ് പാഴൂരാണ് തിരക്കഥ ഒരുക്കുന്നത്.
ഉര്‍വശിയാണ് ദിലീപിനു ജോഡിയായി ചിത്രത്തിലെത്തുന്നത്. ത്രില്ലര്‍ മൂഡില്‍ കഥ പറയുന്ന കുഞ്ചാക്കോ ബോബന്റെ പട മൈസൂരില്‍ ആരംഭിച്ചു. ദിലീഷ് പോത്തന്, വിനായകന്, ജോജു ജോര്‍ജ് തുടങ്ങിയ താരനിരയാണ് ചാക്കോച്ചനൊപ്പം അവിടെയുള്ളത്.
കെ.എം. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം അര ദിവസത്തെ ഷൂട്ടിനു തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി തേടിയിരുന്നു.
എന്നാല്‍ കോവിഡ് ഭീതിയില്‍ അനുമതി നിഷേധിച്ചതോടെയാണ് മൈസൂരുവിലേക്കു ഷെഡ്യൂളായത്. ഇത്തരത്തില്‍ യുവതാരങ്ങളുടേതടക്കം അവനിലധികം ചിത്രങ്ങള്‍ ഈ വാരം അതിര്‍ത്തി കടക്കും.
സിനിമാ സംഘടനകളും രംഗത്ത്
കേരളത്തില്‍ സിനിമാ ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക അടക്കമുള്ള സംഘടനകളും നിര്‍മാതാക്കളുടെ സംഘടനകളും രംഗത്തു വന്നു.
പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങള്‍ സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. അതുകൊണ്ട് കേരളവും ആ വഴിക്കു തന്നെ ചിന്തിക്കണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും വിവിധ മേഖലകളിലെന്ന പോലെയുള്ള ഇളവുകളാണ് ആവശ്യപ്പെടുന്നത്.
ഇത് വലിയ പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്. വാക്സിനേഷന് സ്വീകരിച്ചവര്‍ക്ക്, സീരിയല്‍ ചിത്രീകരണങ്ങള്‍ നടത്താന്‍ കേരളത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേ മാതൃകയില്‍ സിനിമാ വ്യവസായത്തെ നിലനിര്‍ത്താന്‍ അനുമതി വേണം. ടെക്നീഷൻമാര് ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പേരും വാക്സീന് എടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം ചെവിക്കൊള്ളുന്നില്ലെന്നും സംഘടനകള്‍ ആരോപിക്കുന്നു.