പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടി സി യുടെ 15 വർഷം കാലാവധി കഴിഞ്ഞ ബസുകളും സർവീസ് നടത്താൻ ഗതാഗത വകുപ്പിന്റെ അനുമതി. കേന്ദ്ര സർക്കാരിന്റെ വിലക്ക് മറികടന്നാണ് കാലാവധി കഴിഞ്ഞ ബസുകളുടെ രജിസ്ട്രേഷൻ നീട്ടി നല്കിയത്.
അതിനാൽ രജിസ്ട്രേഷൻ നീട്ടി നല്കിയത് പരിവാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതിനാൽ ഈ ബസുകളുടെ വിവരങ്ങൾ സൂക്ഷിക്കാൻ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ കഴിയില്ല.
15 വർഷം കാലാവധി കഴിഞ്ഞ 240 ഓളം വാഹനങ്ങൾക്കാണ് രജിസ്ട്രേഷൻ കാലാവധി 2024 സെപ്റ്റംബർ 30 വരെ നീട്ടി കൊടുത്തുകൊണ്ട് ഗതാഗത കമ്മീഷണർ എസ്. ശ്രീജിത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
സർവീസ് നടത്താൻ കഴിയുന്ന 150 ഓളം ബസുകൾക്ക് പുറമേ കെഎസ് ആർ ടി സി യുടെ വർക്ക് ഷോപ്പ് വാനുകൾ, ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നജീപ്പുകൾ, എട്ട് ടാങ്കറുകൾ, ഡബിൾ ഡക്കർ എന്നിവയ്ക്കും ഈ ആനുകൂല്യം ലഭിക്കും.
15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഏപ്രിൽ മുതൽ പൊളിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
ഇതിനെ മറികടന്നാണ് കെ എസ് ആർ ടി സി യ്ക്ക് ആനുകൂല്യം ലഭിച്ചിരിക്കുന്നത്. പരിവാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്താൻ കഴിയില്ലെങ്കിലും അടുത്ത സെപ്തംബർവരെ കാലാവധി ഉള്ളതായി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പരിഗണിക്കണമെന്നാണ് ഉത്തരവ്.