വെച്ചൂർ: വെച്ചൂർ ഒൗട്ട് പോസ്റ്റ് പോലിസ് സ്റ്റേഷനായി ഉയർത്തണമെന്ന ആവശ്യം ശക്തമായി. വെച്ചൂർ, തലയാഴം പഞ്ചായത്തുകളെ ഉൾപ്പെടുത്തി പോലിസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ജനകീയാവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കാർഷിക മേഖലയായ വെച്ചൂർ, തലയാഴം പഞ്ചായത്തുകളടെ ഉൾ പ്രദേശങ്ങളിലും തണ്ണിർമുക്കം ബണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ 15 കിലോമീറ്റർ അകലെ വൈക്കത്തു നിന്ന് പോലിസ് എത്തുന്നത് പലപ്പോഴും ഫലപ്രദമാകാറില്ല.
തലയാഴം, വെച്ചൂർ പഞ്ചായത്തുകളെ ബന്ധപെടുത്തി പോലിസ് സ്റ്റേഷൻ ആരംഭിച്ചാൽ അപകടങ്ങൾ തുടക്കഥയാകുന്ന ഇടയാഴം -കല്ലറ റോഡിലെ വാഹന അപകടങ്ങൾ കുറക്കാനും ഉൾപ്രദേശങ്ങളിലെ അക്രമ സംഭവങ്ങൾ ഇല്ലാതാക്കി ക്രമസമാധാനം ഉറപ്പാക്കാനുമാകും.
നിലവിൽ ഒരു അഡീഷണൽ എസ് ഐ യും സിവിൽ പോലിസ് ഓഫിസറും മാത്രമാണ് ഒൗട്ട് പോസ്റ്റിലുള്ളത്. കൊടിയേരി ബാലകൃഷ്ണൻ അഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വെച്ചൂർ ഒൗട്ട് പോസ്റ്റ് പോലിസ് സ്റ്റേഷനായി ഉയർത്താൻ ശ്രമമുണ്ടായെങ്കിലും തുടർ നടപടി സാങ്കേതികത്വത്തിൽ കുടുങ്ങി.
വിനോദ സഞ്ചാര കേന്ദ്രമായ കുമരകം വെച്ചൂരിന്റെ സമീപ സ്ഥലമാണ്. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന തണ്ണീർമുക്കം ബണ്ടിൽ പകൽ വിനോദ സഞ്ചാരികൾ ധാരാളമെത്തുന്നുണ്ട്.
രാത്രി തണ്ണീർമുക്കം ബണ്ടിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാണെന്ന പരാതിയും വ്യാപകമാണ്. വെച്ചൂർ കേന്ദ്രീകരിച്ച് പോലിസ് സ്റ്റേഷൻ യാഥാർഥ്യമായാൽ കൈപ്പുഴമുട്ട് മുതൽ പൂത്തോട്ടവരെ അധികാര പരിധിയുള്ള വൈക്കം പോലിസ് സ്റ്റേഷന്റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാകും.
വെച്ചൂർ ഒൗട്ട് പോസ്റ്റ് പോലിസ് സ്റ്റേഷനായി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.