സി.അനിൽകുമാർ
പാലക്കാട്: തസ്രാക്ക്. മന്ദാരത്തിന്റെ ഇലകൾകൊണ്ടു ചേർത്തുതുന്നിയ പുനർജനിയുടെ കൂട്. കാലവർഷത്തിന്റെ വെളുത്ത മഴയിലും മീനച്ചൂടിലും കാലം അതിനെ കാത്തുപോന്നു. പുനർജന്മങ്ങളിൽ വിശ്വസിച്ച ഖസാക്കു(തസ്രാക്ക്)കാർക്കും തെറ്റിയില്ല. ഇതിഹാസം പിറന്ന തസ്രാക്ക് പുനർജനിച്ചിരിക്കുന്നു. പല നിറങ്ങളിൽ,രൂപത്തിൽ, ഭാവത്തിൽ.
അതു തസ്രാക്കിന്റെ സ്നേഹപ്രണാമംകൂടിയാണ്. കാരണം ഇതിഹാസം സൃഷ്ടിച്ച ഒ.വി. വിജയന്റെ 12-ാം ചരമ വാർഷികമാണ് ഇന്ന്. ആ സ്മരണകളിൽ പുനർജനികൾക്കൊപ്പം ഖസാക്കുകാർ എള്ളുംപൂവുമർപ്പിക്കും; കരിന്പനകൾ അതിരിട്ട, തവിട്ടുനിറമുള്ള തുന്പികൾ പാറിക്കളിച്ച തസ്രാക്കിന്റെ ഭൂമികയെ ലോക ഭൂപടത്തിലേക്കു കൈപിടിച്ചുയർത്തിയ കഥാകാരനോടുള്ള സ്നേഹ പ്രണാമവുമായി.
പാലക്കാട് നഗരത്തിനു കിഴക്കുഭാഗത്തായി കൊടുന്പ് പഞ്ചായത്തിലാണ് തസ്രാക്ക് എന്ന ഖസാക്ക് ഗ്രാമം. ആയിരത്തൊന്ന് വെള്ളക്കുതിരകളുടെ കുളന്പടി കേൾക്കുന്ന ഭ്രമാത്മക സങ്കല്പങ്ങളുടെ അതേ കഥാഭൂമി. പുതിയ രൂപ ഭാവങ്ങളിൽ തസ്രാക്ക് ഏറെ സുന്ദരിയായിരിക്കുന്നു. സംസ്ഥാന സാംസ്കാരിക വകുപ്പ്, കേരള ലളിതകല അക്കാദമി, ഒ.വി. വിജയൻ സ്മാരക സമിതി എന്നിവരുടെ സഹകരണത്തോടെയാണ് തസ്രാക്കിലെ മണ്ണും മനസും ഇന്നു പുനർജനിച്ചിരിക്കുന്നത്. തസ്രാക്കിൽ ബസിറങ്ങിയാൽ ഇതിഹാസ ഭൂമിയിലേക്കുള്ള വലിയ കമാനം കാണാം.
വഴിയിലെങ്ങും ചന്പകം പൂത്തതിന്റെ സുഗന്ധം. വയലേലകളിൽ തലയുയർത്തിനിൽക്കുന്ന കരിന്പനകൾ. വീണ്ടും നടന്നാൽ ഞാറ്റുപുരയായി. ഇതിഹാസകാരന്റെ ചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ഇന്നിവിടെ സംഘടിപ്പിച്ചിരിക്കുന്നത്.സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഇതിഹാസത്തിലെ കഥാപാത്രങ്ങളുടെ ശില്പാവിഷ്കാരം, ലളിതകല അക്കാദമിയുടെ ഭാഗമായുള്ള ചിത്രകലാ ക്യാന്പ് എന്നിവ പൂർത്തിയായി. വിക്ടോറിയ കോളജിൽ ഖസാക്കിന്റെ ഇതിഹാസം നാടകവും ഇന്നലെമുതൽ അരങ്ങിലെത്തി.
നോവലുമായി ബന്ധപ്പെട്ടുള്ള ചിത്ര-ഫോട്ടോ പ്രദർശനങ്ങൾ, യാത്രകൾ എന്നിവ വേറെയും. ജില്ലാ ഭരണകൂടത്തിന്റെ ഉൾപ്പെടെ വലിയൊരു കൂട്ടായ്മയുടെ പ്രവർത്തനവിജയംകൂടിയാണ് തസ്രാക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കഥാപാത്രങ്ങളുടെ ശില്പാവിഷ്കാരംതന്നെയാണ് തസ്രാക്കിലെ പ്രത്യേകത.108 ഓളം ശില്പകഥാപാത്രങ്ങളാണ് കൊത്തിയെടുത്തിട്ടുള്ളത്. വി.കെ.രാജൻ, ജോസഫ് എം.വർഗീസ്, പി.എച്ച്.ഹോമിചിൻ, ജോണ്‍സ് മാത്യു എന്നിവരാണ് ശില്പങ്ങളൊരുക്കിയിട്ടുള്ളത്.
കരിവളകൾ തെറുത്തുകേറ്റി ഖസാക്കിലെ നടുപ്പറന്പിലൂടെ യാഗാശ്വമായി നടന്ന മൈമുന, ഖസാക്കിന്റെ ചരിത്രകാരൻ അള്ളാപ്പിച്ച മൊല്ലാക്ക, അപ്പുക്കിളി, കുപ്പുവച്ചൻ, കുട്ടാടൻ പൂശാരി, രവി, കുഞ്ഞാമിനമാർ, ശിവരാമൻനായർ, നൈജാമലി, ചക്രു റാവുത്തർ തുടങ്ങിയവരെല്ലാം ശില്പാവിഷ്കാരത്തിലുണ്ട്. ഖസാക്കിലെ തുന്പി, ഓന്ത്, പാന്പ്, ഏകാധ്യാപക വിദ്യാലയം എന്നിവയും ശ്രദ്ധേയം. ഞാറ്റുപുരയിൽനിന്ന് അറബിക്കുളത്തിലേക്കുള്ള വഴിയിലാണ് മൂന്നടി ഉയരത്തിൽ ശില്പങ്ങൾ സ്ഥാപിക്കുന്നത്. ശില്പവനമെന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
ഞാറ്റുപുരയിലും സാംസ്കാരിക സമുച്ചയത്തിലും ചിത്രകാരൻമാരുടെയും കാർട്ടൂണിസ്റ്റുകളുടെയും ചിത്ര-ഡോക്യുമെന്ററി പ്രദർശനങ്ങൾ എന്നിവയും നടക്കും. അന്‍പതുലക്ഷത്തിന്റെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടന്നുവരുന്നത്. രണ്ടാംഘട്ടത്തിൽ ഓപ്പണ്‍ എയർ ഓഡിറ്റോറിയമുൾപ്പടെയുള്ളവയും നിർമിക്കും. പുനർജനിയിലും, കാലമേല്പിച്ച ആഹ്ലാദങ്ങളുടെയും വ്യഥകളുടെയും മൗനംനിറഞ്ഞുനിന്ന അന്തരീക്ഷംതന്നെയാണ് തസ്രാക്കിന്റെ പ്രത്യേകത. ആ മൗനത്തെ ഉണർത്തുന്നത് ഓത്തുപള്ളിയിൽനിന്നുയരുന്ന ഉച്ചത്തിലുള്ള ബാങ്ക് വിളിമാത്രം.