ആലപ്പുഴ: വിജയാ പാര്ക്കിനു സമീപം ബീച്ചിനോട് ചേര്ന്നു നിര്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ മേല്പ്പാലത്തിന്റെ ഗര്ഡറുകൾ തകര്ന്നുവീണു. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ കൂറ്റന് ഗര്ഡറുകളാണ് ഇന്നലെ രാവിലെ 11 ഓടെ തകര്ന്നു വീണത്.
തൊഴിലാളികള് താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്ഡറുകള് തകര്ന്നു വീണതെന്ന് ദൃക്സാക്ഷികള് പറഞ്ഞു.അതേസമയം, ഷെഡില് തൊഴിലാളികള് ഇല്ലാതിരുന്ന സമയമായതിനാല് ഒഴിവായത് വന് ദുരന്തം. പില്ലര് നമ്പര് 17നും 18നും ഇടയിലെ നാലു ഗര്ഡറുകള് പൂര്ണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു.
ഈ പില്ലറിനു താഴെ കുട്ടികള് സ്ഥിരമായി കളിക്കാറുണ്ടായിരുന്നുവെന്ന്് പ്രദേശവാസികള് പറഞ്ഞു.അപകടത്തില് സമീപത്തുള്ള വീടുകളില് വിള്ളല് വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചില് വിജയ പാര്ക്കിന്റെ വടക്കുവശം നിര്മാണത്തിലിരുന്ന പുതിയ ബൈപാസ് പാലത്തിന്റെ ഗര്ഡറുകളാണ് പൊളിഞ്ഞുവീണത്. ഏതാനും ആഴ്ചകള്ക്കു മുന്പായിരുന്നു ഇവ സ്ഥാപിച്ചത്.
പോലീസും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.എപ്പോഴും ആളുകള് സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച് പാത കൂടിയാണിത്. ആലപ്പുഴ കളര്കോട് മുതല് കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപാസിന് സമാന്തരമായി പുതിയ മേല്പ്പാലം നിര്മിക്കുന്നത്. സംഭവശേഷം ദേശീയപാത അഥോറിറ്റി പ്രോജക്ട് മാനേജര് സ്ഥലം സന്ദര്ശിച്ചു.
കേരളത്തില് ദേശീയപാതയില് എല്ലായിടത്തും ഇതേ രീതിയിലാണ് പാലങ്ങള് പണിയുന്നതെന്നും വിദഗ്ധ സമിതിയെ ക്കൊണ്ട് പരിശോധിപ്പിച്ച് രണ്ടു ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കുമെന്നും പ്രോജക്ട് മാനേജര് വ്യക്തമാക്കി. ഗർഡറു കൾ തകർന്നുവീണ സ്ഥലം ആല പ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു.