പാണമ്പ്രയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത് പെണ്‍കുട്ടിയെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സഹോദരിമാര്‍ രംഗത്ത്.
മുസ്ലിംലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാല്‍ പോലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരില്‍ ഒരാളായ അസ്ന പറഞ്ഞത്.
പരാതി പിന്‍വലിപ്പിക്കാന്‍ പല രീതിയിലുള്ള സമ്മര്‍ദ്ദമുണ്ടായി. താന്‍ പറഞ്ഞത് പൂര്‍ണമായും മൊഴിയായി രേഖപ്പെടുത്താന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അസ്ന ആരോപിച്ചു.
അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് പ്രതി നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.
അഞ്ചോ ആറോ തവണ പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. നടുറോഡില്‍ വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതി അവിടെനിന്നും വേഗത്തില്‍ കടന്നു കളയുകയായിരുന്നു.
തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും അസ്ന പറഞ്ഞു.
അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു.
ഇതോടെ പെണ്‍കുട്ടികളുടെ വാഹനം മറിയാനായിപോയി. ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്നും അസ്ന പറഞ്ഞു.
ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്ന് പിന്നീടാണ് അറിഞ്ഞത്. പോലീസിന്റെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടി പറഞ്ഞു.
വീട്ടിലെത്തിയ ശേഷമാണ് ഇയാള്‍ ലീഗ് ബന്ധമുള്ളയാളാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീര്‍പ്പിന് ആദ്യം ശ്രമിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു.
നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചേര്‍ത്തത്. പൊലീസില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ സമീപനമല്ല ലഭിച്ചതെന്നും ‘നിങ്ങള്‍ നോക്കി ഓടിക്കണ്ടേ’ എന്നാണ് പരാതി നല്കാനെത്തിയപ്പോള് പോലീസ് പറഞ്ഞതെന്നും പെണ്‍കുട്ടി ആരോപിച്ചു.
വീഡിയോ തെളിവുണ്ടായിട്ടും നിസാര വകുപ്പുകളാണ് ചേര്‍ത്തത്. നടുറോഡില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പോലീസ് കാണുന്നതെന്നും ഒത്തുതീര്‍പ്പിനാണ് ശ്രമം നടക്കുന്നതെന്നും അസ്ന പറഞ്ഞു.