കൊച്ചി: വേഗപൂട്ട് പരിശോധന നിലച്ചു. സംസ്ഥാന പാതകളിലും ഇടറോഡുകളിലും സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചില്‍ തുടരുന്നു. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ വേഗപ്പൂട്ട് പരിശോധനയാകട്ടെ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തം. പോലീസാകട്ടെ ബൈക്ക് ഉള്‍പ്പടെയുള്ള ചെറു വാഹനങ്ങളെയാണു കൂടുതലായും പരിശോധനക്കു വിധേയമാക്കുന്നത്. ടിപ്പര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളെ പരിശോധനയില്‍നിന്ന് ഒഴിവാക്കുന്നതു അപകടം വര്‍ധിക്കുന്നതിനും കാരണമാകുന്നു.
നേരത്തെ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയിരുന്ന പരിശോധനകളില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും വേഗപ്പൂട്ടുകള്‍ ഉണ്ടെങ്കിലും വിച്ഛേദിക്കപ്പെട്ട നിലയിലാണെന്നു കണ്ടെത്തിയിരുന്നു. സ്കൂള്‍ സമയങ്ങളില്‍ രാവിലെ 8.30 മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞു 3.30 മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ ഓടരുതെന്ന നിയമവും കാറ്റില്‍പ്പറത്തിയാണു പലപ്പോഴും വിവിധ റോഡുകളില്‍ ടിപ്പറുകള്‍ പായുന്നത്.
അമിത ലോഡുമായി എത്തുന്ന ടിപ്പറുകളില്നിന്നു മണ്ണും കല്ലും റോഡില്‍ തെറിച്ചുവീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവ്. ലോറികളില്‍ പടുതയോ ടാര്‍ പോളിനോ ഉപയോഗിച്ച് ഇവ പുറത്തു വീഴുന്നതു തടയാന്‍ ശ്രമിക്കുന്നില്ല.ടോറസുകളുടെ പാച്ചില്‍ റോഡുകളുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്. അനധികൃത മണ്ണ് ഖനനം വ്യാപകമായതോടെയാണു ടിപ്പറുകള്‍ അമിതവേഗത്തില്‍ പായാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
പലപ്പോഴും വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അധികാരികള്‍ പരിശോധന നടത്തുന്നത്. നിരോധിത സമയങ്ങളില്‍ ഓടുന്ന ടിപ്പറുകള്ക്കെതിരേയും വേഗപ്പൂട്ടുകള്‍ അഴിച്ചുവച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരേയും നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പരിശോധനകള്‍ കുറഞ്ഞതോടെ പല സ്വകാര്യ ബസുകളിലും വേഗപ്പൂട്ടുകള്‍ പ്രവര്‍ത്തന രഹിതമാണ്.