മൂവാറ്റുപുഴ: അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു മരിച്ച കോളജ് വിദ്യാർഥിനിക്ക് സഹപാഠികളുടെ കണ്ണീരിൽകുതിർന്ന യാത്രമൊഴി. മൂവാറ്റുപുഴ നിർമല കോളജിലെ ബി കോം അവസാന വർഷ വിദ്യാർഥിനി വാളകം കുന്നയ്ക്കൽ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്. നമിത (20) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹപാഠി പൂവകുളം മണിമലയില്‍ എം.ഡി. ജയരാജന്റെ മകള്‍ അനുശ്രീ രാജി(20)നെ പരിക്കുകളോടെ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
എനാനെല്ലൂർ കിഴക്കെമുട്ടത്ത് അൻസൺ റോയ്(22 ) ഓടിച്ചിരുന്ന ബൈക്കാണ് വിദ്യർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്.ഇന്നലെ വൈകുന്നേരം നാലരയോടെ തൊടുപുഴ -മൂവാറ്റുപുഴ റോഡിൽ കോളജ് കവാടത്തിനു മുന്നിലായിരുന്നു അപകടം.
കോളജിൽനിന്ന് പരീക്ഷകഴിഞ്ഞു ഇറങ്ങിയ വിദ്യാർഥിനികൾ റോഡ്കുറുകെ കടക്കുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്തുനിന്നും അമിതവേഗതയിൽ വരികയായിരുന്ന ബൈക്ക് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പികയായിരുന്നു.
റോഡിൽ തെറിച്ചു വീണ വിദ്യാർഥിനികളെ സഹപാഠികൾ ഉടൻ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും നമിതയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
സമീപത്ത് നിർത്തിയിട്ടിരുന്ന ബസിനു അടിയിലേക്ക് തെറിച്ചുവീണ ആൻസനേയും ഓടിക്കൂടിയ വിദ്യാർത്ഥികളാണ് ആശുപത്രിയിൽ എത്തിച്ചത് .
പരിക്കേറ്റ അൻസണും നിർമ്മല ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിമുമ്പ് പലവട്ടം ഇയാൾ ബൈക്ക് അമിതവേഗത്തിൽ റോഡിലൂടെ തലങ്ങും വിലങ്ങും ഓടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
നമിതയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ് മാർട്ടത്തിനു ശേഷം 11 :30 ഓടെയാണ് കോളജിൽ മൃതദേഹം പൊതുദർശനത്തിനു വച്ചത്.
തുടർന്ന് ഉച്ചയ്ക്ക് ഒന്നോടെ വീട്ടിലേക്ക് കൊണ്ടുപോയി.വൈകുന്നേരം 3.30ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തിലാണ് സംസ്കാരം.
ഗിരിജയാണ് നമിതയുടെ മാതാവ്. കടാതി വിവേകാനന്ദ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാർഥിനി നന്ദിത ഏക സഹോദരിയാണ്.