കോട്ടയം: കോട്ടയം – കോഴഞ്ചേരി റൂട്ടിലെ ബസുകൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് യാത്രക്കാർക്കു ഭീഷണിയാകുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കോട്ടയം മുതൽ കോഴഞ്ചേരിവരെ മത്സരയോട്ടമാണ് നടത്തുന്നത്. അമിത വേഗത്തിൽ പോകുന്ന ബസിൽ ഭീതിയോടെയാണു യാത്രക്കാർ സഞ്ചരിക്കുന്നത്.
ഇതിനു പുറമെ ഇരുചക്രവാഹനത്തിലും നടന്നും റോഡിലുടെ പോകുന്നവർക്കു ബസിലെ ഡ്രൈവർമാരുടെ വക ശകാരവും അസഭ്യവർഷവും പതിവാണ്. ഇന്നലെ വൈകുന്നേരം കോട്ടയത്തു നിന്നും കോഴഞ്ചേരിക്കു പോയ കെഎസ്ആർടിസി ബസ് അമിത വേഗത്തിൽ സഞ്ചരിച്ചതു ചോദ്യം ചെയ്തിനു കണ്ടക്ടറും ഡ്രൈവറും മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ് രംഗത്ത് എത്തി.
ബസിൽ യാത്ര ചെയ്തിരുന്ന വൃദ്ധ ദന്പതികളുടെ പക്കലുണ്ടായിരുന്ന പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അമിത വേഗത്തിൽ സഞ്ചരിച്ച ബസിൽ വീണു പോയതോടെയാണു യുവാവ് ഡ്രൈവറോടും വനിതാ കണ്ടക്ടറോടും അല്പം സ്പീഡ് കുറച്ചു ബസോടിച്ചു കൂടെയെന്നു ചോദിച്ചത്.
എന്നാൽ ‘നീ കൊണ്ടു പോയി പരാതി കൊടുക്കെടായെന്നും എനിക്ക് പതിനായിരം രൂപ നീ തരുമോടായെന്നുമാണു ഡ്രൈവർ ഇതിനോടു പ്രതികരിച്ചത്. കോഴഞ്ചേരി റൂട്ടിലോടുന്ന എല്ലാ കെഎസ്ആർടിസി ബസുകളും ഇതേ സ്പീഡിലാണു പോകുന്നതെന്നാണു വനിതാ കണ്ടക്്ടർ യുവാവിനോടു പറഞ്ഞത്.
സ്റ്റോപ്പിൽ ഇറങ്ങുന്ന സമയത്തും വനിതാ കണ്ടക്ടറും ഡ്രൈവറും മോശമായി പെരുമാറുകയും ചെയ്തെന്ന് യുവാവ് പറയുന്നു. കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും മോശം പെരുമാറ്റത്തിനെതിരെ യുവാവ് പരാതി നല്കാൻ ഒരുങ്ങുകയാണ്.
ഇതുപോലെ സമാനമായ അനുഭവമാണ് ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ നിന്നും യാത്രക്കാർക്ക് ഉണ്ടാകുന്നത്.
ഡ്രൈവർമാരോടോ കണ്ടക്ടർമാരോടോ എന്തെങ്കിലും പരാതി പറഞ്ഞാലോ ചോദിച്ചാലോ ഗുണ്ടാ സ്റ്റൈലിലാണ് തിരിച്ചുള്ള മറുപടി. പീന്നിട് ഭീഷണിയും ഉണ്ടാകും. അതിനാൽ ആരും ഒന്നും പറയാൻ ധൈര്യപ്പെടാറില്ല. ഈ റൂട്ടിൽ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പേടി കൂടാതെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
മികച്ച നിലവാരം കൂടിയ റോഡുകളും അപകട വളവുകളും ഉണ്ടായിട്ടും യാത്രക്കാരുടെ സുരക്ഷയ്ക്ക് യാതൊരു വിലയും കല്പിക്കാതെയാണു കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സഞ്ചരിക്കുന്നത്.