കോവിഡ് രോഗികളില്‍ മാരകമായ ബ്ലാക് ഫംഗസ് ബാധിക്കാനുള്ള പ്രധാനകാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.
സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്.
മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്നും ഗുലേറിയ പറഞ്ഞു.
കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് പലഭാഗങ്ങളിലും ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാരാഷ്ട്രയില്‍ മ്യൂക്കര്‍മൈക്കോസിസ് രോഗം ബാധിച്ച് 52 പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
മരിച്ചവര്‍ എല്ലാവരും കോവിഡ് രോഗമുക്തി നേടിയവരാണെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. തലവേദന, പനി, കണ്ണുകളില്‍ വേദന തുടങ്ങിയവാണ് രോഗലക്ഷണങ്ങള്‍. ആദ്യമായാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.
കഴിഞ്ഞദിവസം സംസ്ഥാനത്ത് 1500 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധയേറ്റതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് വ്യക്തമാക്കിയിരുന്നു. കോവിഡ് അതിതീവ്ര വ്യാപനത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധ പടരുന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പരത്തുന്നുണ്ട്.