അന്പലപ്പുഴ: കണ്ടെയ്നർ ലോറി ഇടിച്ച് മേൽപ്പാലത്തിന്റെ കൈവരികൾ തകർന്നു. അമൃത ലോജസ്റ്റികിന്റെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന കണ്ടെയിനർ ആണ് കാക്കാഴം മേൽപ്പാലത്തിലെ നടപ്പാതയിലിടിച്ചത്.
ഈ ഭാഗത്തെ അഞ്ചുമീറ്ററോളം കൈവരികൾ തകർന്നു. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കണ്ടെയിനർ മേൽപ്പാലത്തിലേയ്ക്കു കയറുന്നതിനിടെ സൈഡ് റോഡിൽ നിന്നും മാറ്റാരു വാഹനം കയറി വന്നപ്പോൾ ബ്രേക്ക് പിടിച്ച കണ്ടെയിനർ നിയന്ത്രണംതെറ്റി എതിർ ഭാഗത്തെ കൈവരിയിൽ ഇടിക്കുകയായിരുന്നു.
ഡ്രൈവർ മലപ്പുറം സ്വദേശി സതീഷ് (42) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ടെയിനർ മേൽപ്പാലത്തിൽ നിന്നും മാറ്റാത്തതിനാൽ ഒരു ഭാഗത്തു കൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അന്പലപ്പുഴ പോലീസ് പാലത്തിന്റെ രണ്ടു ഭാഗത്തും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.