കോട്ടയം: നാഗമ്പടം റെയിൽവേ നടപ്പാലം ഉടൻ തുറക്കുമെന്ന് റെയിൽവേ അധികൃതർ. നടപ്പാലം ഒരു മാസത്തിനുള്ളിൽ യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് റെയിൽവേയുടെ പദ്ധതി. അറ്റകുറ്റപണികൾ നടക്കുന്ന പാലത്തിന്റെ സ്ലാബുകൾ മാറ്റിയിടുന്ന പണികളാണ് പുരോഗമിക്കുന്നത്. നേരെത്തേ പാലത്തിൽ വെള്ളപൂശിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് അപകടാവസ്ഥയിലായതിനെ തുടർന്ന് റെയിൽവേ നടപ്പാലം അടച്ചത്.
അറ്റകുറ്റപണികൾക്കായി കോട്ടയം നഗരസഭ 23 ലക്ഷം രൂപ റെയിൽവേയ്ക്കു നൽകിയിരുന്നു. അറ്റകുറ്റപ്പണികൾ ആര് നടത്തണം എന്നതു സംബന്ധിച്ച് റെയിൽവേയും നഗരസഭയും തമ്മിൽ തർക്കം നിലനിന്നിരുന്നു. 20 അടിയോളം ഉയരത്തിലുള്ള പാലം നിർമിച്ചിരിക്കുന്നത് ഇരുന്പുതൂണുകളിലാണ്. യാത്രക്കാർക്ക് കയറിയിറങ്ങാനുള്ള പടികളും സ്ലാബുകളും നടപ്പാലത്തിനുണ്ട്.
പാലത്തിന്റെ സ്ലാബുകൾ താങ്ങിനിർത്തിയിരുന്ന ഗർഡറുകൾ തുരുമ്പെടുത്തു നശിച്ചതോടെയാണ് പാലം അപകടാവസ്ഥയിലായത്. ഇതോടെ റെയിൽവേ നടപ്പാലം വഴിയുള്ള കാൽനടയാത്ര നിരോധിച്ചു. യാത്ര നിരോധിച്ചതിനെ തുടർന്ന് അധികൃതർ പാലത്തിൽ ഇരുന്പുഗേറ്റും പട്ടിക കഷ്ണങ്ങളും ഘടിപ്പിച്ച് പാലം അടയ്ക്കുകയും നടുഭാഗത്തെ ഇരുന്പുപാളി പൊളിച്ച് മാറ്റിയിടുകയും ചെയ്തു. പിന്നീട് രാത്രിയിൽ പാലത്തിലൂടെ പോയ കുറുപ്പന്തറ കാഞ്ഞിരത്താനം തെന്നാട്ടിൽ സെബാസ്റ്റ്യൻ വീണു മരിച്ചിരുന്നു.
ഇതോടെ പ്രദേശവാസികൾ അധികൃതർക്ക് നേരെ തിരിയുകയും മേൽപ്പാലം എത്രയും വേഗം അറ്റകുറ്റപണികൾ നടത്തി തുറന്നുകൊടുക്കണമെന്ന് ആവശ്യം ഉയർത്തുകയും ചെയ്തിരുന്നു. റെയിൽവേ നടപ്പാലം അടച്ചതോടെ നാഗമ്പടത്ത് എത്തുന്ന ജനങ്ങൾ റെയിൽവേ പാളം മുറിച്ച് കടന്നാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കും തൊട്ടടുത്തുള്ള തീർഥാടനം കേന്ദ്രത്തിലേക്ക് പോകുന്നത്. ദിനംപ്രതി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് റെയിൽവേ പാളം മുറിച്ചുകടക്കുന്നത്.