ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് നഷ്ടമാകേണ്ടി വന്ന ഒരു കൗമാരക്കാരന്റെ അവസ്ഥയാണ് ഇന്ന് സോഷ്യൽ മീഡിയയെ ഏറെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും. ജർമനിയിലാണ് സംഭവം.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി നാല് സുഹൃത്തുക്കൾക്കൊപ്പം കാറിൽ മടങ്ങുകയായിരുന്നു കൗമാരക്കാരൻ. ലൈസൻസ് ലഭിച്ചതു കൊണ്ട് ഡ്രൈവിംഗിലെ തന്റെ കഴിവ് സുഹൃത്തുക്കളെ കാണിക്കുവാൻ തീരുമാനിച്ച ഇയാൾ കാർ അമിതവേഗത്തിൽ പായിച്ചു.
95 കിലോമീറ്റർ വേഗത്തിലായിരുന്നു കക്ഷിയുടെ പോക്ക്. എന്നാൽ ഇവർ സഞ്ചരിച്ച റോഡിൽ കാർ ഓടിക്കുവാനുള്ള പരമാവധി വേഗത 50 കിലോമീറ്ററായിരുന്നു. സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവർ കാർ തടയുകയായിരുന്നു.
പിന്നീട് ഇയാളുടെ ലൈസൻസ് പിടിച്ചെടുത്ത് നാല് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മാത്രമല്ല പിഴയായി 200 യൂറോ അടയ്ക്കണമെന്നും പോലീസുദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. ലൈസൻസ് കിട്ടി ഏകദേശം 49 മിനിട്ട് ആയപ്പോഴണ് അത് സസ്പെൻഡ് ചെയ്തത്.