കൊച്ചി: അമിതവേഗത്തിന് ഓണ്‍ലൈനായി പിഴ അടയ്ക്കുന്നവർക്ക് വീണ്ടും വീണ്ടും മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ്. വിവിധ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽ കുടുങ്ങുന്ന വാഹന ഉടമകൾക്കുള്ള പിഴ സംബന്ധിച്ച അറിയിപ്പാണ് നോട്ടീസ് മുഖാന്തിരം ലഭിക്കുന്നത്. ന്യൂജൻ സമൂഹമാകട്ടെ നോട്ടീസ് ലഭിക്കുന്പോൾതന്നെ ഓണ്‍ലൈൻ വഴി പിഴ അടയ്ക്കുകയും ചെയ്യുന്നു.
ഓണ്‍ലൈൻ സംവിധാനത്തിലൂടെ പിഴയടച്ച വിവരം വകുപ്പിന് അറിയാമെങ്കിലും ഇതു പരിശോധിക്കാതെ വീണ്ടും നോട്ടീസ് അയയ്ക്കുകയാണ് അധികൃതർ. കോതമംഗലം സ്വദേശിയുടെ അനുഭവം ഇങ്ങനെ: 2018 മാർച്ചിൽ ഇദ്ദേഹത്തിന്റെ കാർ എറണാകുളം ജില്ലയിലെ വേങ്ങൂരിൽ അമിത വേഗത്തിന് കാമറക്കണ്ണിൽ കുടുങ്ങി.
ഇതു സംബന്ധിച്ച അറിയിപ്പും പിഴ ഒടുക്കേണ്ട തുകയുടെ വിവരങ്ങളുമടങ്ങിയ നോട്ടീസ് ദിവസങ്ങൾക്കകം തപാലിൽ എത്തി. ഓണ്‍ലൈൻ സംവിധാനം പ്രയാജനപ്പെടുത്തി ഏപ്രിൽ മാസംതന്നെ അദ്ദേഹം പിഴ അടച്ചു. എന്നാൽ നിയമലംഘനത്തിന് പിഴ ഒടുക്കണമെന്ന് നിർദേശിച്ച് കഴിഞ്ഞ മാസം അദ്ദേഹത്തിന് വീണ്ടും കിട്ടി നോട്ടീസ്. അന്നത്തെ സംഭവം നടന്നിട്ട് ഒരു വർഷം പിന്നിട്ടതിനാലും ഇതിനോടകം കിലോമീറ്ററുകൾ വണ്ടി ഓടിയതിനാലും മറ്റെവിടെയെങ്കിലും ഓവർ സ്പീഡിന് പിഴ ലഭിച്ചതാകാമെന്ന് വിചാരിച്ചു.
നോട്ടീസിലെ മുഴുവൻ വിവരങ്ങളും വായിച്ചുനോക്കിയപ്പോഴാകട്ടെ അതേസ്ഥലം, അതേ ദിവസം, അതേ സമയം. ഇതു സംബന്ധിച്ച് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പിഴ ഓണ്‍ലൈൻ വഴിയടച്ചതിന്റെ രസീത് തങ്ങൾക്ക് പോസ്റ്റ് അയച്ചാൽ മതിയെന്ന മറുപടിയാണ് ലഭിച്ചത്. ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പോസ്റ്റ് അയയ്ക്കാനാണെങ്കിൽ പിന്നെ ഓണ്‍ലൈൻ സംവിധാനം എന്തിനെന്നാണ് ദുരനുഭവം നേരിട്ടയാളുടെ ചോദ്യം.