1. “ഓവർസ്പീഡ് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല’
വെറും തോന്നലാണത്. വേഗത കൂടുന്തോറും വണ്ടിയുടെ മേൽ ഡ്രൈവർക്കുള്ള നിയന്ത്രണം കുറഞ്ഞുകൊണ്ടിരിക്കും. എത്ര കൊലകൊമ്പൻ ഡ്രൈവറായാലും വണ്ടിക്ക് ഒരു സ്റ്റോപ്പിംഗ് ദൂരമുണ്ട്.
ബ്രേക്ക് ചവിട്ടിയാലും അത്രയും ദൂരം കൂടി സഞ്ചരിച്ചേ വണ്ടി നിൽക്കൂ. നിങ്ങൾക്കെതിരേ ഒരു വണ്ടി വരുന്നുണ്ടെങ്കിൽ, ആ വണ്ടിക്കുമുണ്ട് ഇതുപോലെ ഒരു ദൂരം.
നിങ്ങൾ വിചാരിക്കുന്നിടത്തു വണ്ടി നിൽക്കാതെ വന്നാൽ ഒന്നുകിൽ നിങ്ങൾ ചാവാനോ അല്ലെങ്കിൽ കൊല്ലാനോ ഉള്ള സാധ്യതയാണുള്ളത്.
2. ”പോയിട്ട് അത്യാവശ്യമുണ്ട്’
ഒറ്റനോട്ടത്തിൽ ന്യായമെന്നു തോന്നുന്ന ഒരു കാരണമാണെങ്കിൽപോലും അതിവേഗതകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഇല്ലെന്നതാണ് യാഥാർഥ്യം.
ഉദാഹരണത്തിന് അഞ്ചു കിലോമീറ്റർ ദൂരത്തക്ക് 50 കിലോമീറ്റർ വേഗതയിലും 60 കിലോമീറ്റർ വേഗതയിലും പോയാൽ വരുന്ന സമയവ്യത്യാസം വെറും ഒരു മിനിറ്റാണ്.
ദൂരം 20 കിലോമീറ്ററുണ്ടെങ്കിൽ സമയവ്യത്യാസം നാലു മിനിറ്റാകും. ഇതേ ദൂരത്തിന് വേഗത 60ൽനിന്ന് 70 ആക്കിയാലോ, വെറും മൂന്നു മിനിറ്റ് കൂടി ലാഭിക്കാം!
തുച്ഛമായ സമയലാഭത്തിനുവേണ്ടിയുള്ള മരണപ്പാച്ചിൽ അപകടസാധ്യത പലമടങ്ങ് വർധിപ്പിക്കാം.
3. “വിദേശരാജ്യങ്ങളിൽ നൂറും നൂറ്റമ്പതും കിലോമീറ്റർ വേഗത്തിൽ പോകുന്നതോ’
വലിയവേഗത്തിൽ വാഹനമോടിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളൊന്നുംതന്നെ കേരളവുമായി താരതമ്യം ചെയ്യാവുന്നവയല്ല.
എന്നുമാത്രമല്ല, എത്ര വേഗതയിലായാലും നിയമങ്ങൾ പാലിച്ചാണ് വിദേശരാജ്യങ്ങളിലും മറ്റും ആളുകൾ വണ്ടിയോടിക്കുന്നത്. ഇവിടെയോ?
4. “റോഡ് മോശമായതുകൊണ്ടാണ് അപകടങ്ങൾ നടക്കുന്നത്’
കുണ്ടും കുഴിയുമായി കിടന്ന റോഡുകൾ നന്നാക്കിയശേഷവും അപകടങ്ങൾക്ക് കുറവുണ്ടാകാറില്ല. പാത നന്നാകുന്പോൾ വേഗം കൂടും.
അപകടവും. റോഡ് നന്നാക്കിയിട്ടേ വേഗം കുറയ്ക്കൂ എന്നല്ല, റോഡ് നന്നല്ലാത്തതുകൊണ്ടു വേഗം കുറച്ചുപോകാം’ എന്നാണ് ചിന്തിക്കേണ്ടത്.
5. “ഞാൻ എത്രയോ തവണ ഈ വേഗത്തിൽ പോയിരിക്കുന്നു’
പലരും പറയുന്ന മണ്ടൻ ന്യായമാണിത്. അതിവേഗക്കാർ എല്ലാവരും എല്ലായ്പ്പോഴും അപകടത്തിൽപ്പെടും എന്നില്ല. പക്ഷേ അതിവേഗം അപകടസാധ്യത പതിന്മടങ്ങ് കൂട്ടും.
6. “സ്പീഡ് ഒരു രസമാണ്’
ശരിയാണ്, സ്പീഡിന് ഒരു രസമുണ്ട്. ആ രസം കിട്ടാൻ വേണ്ടി ഒരു വിനോദോപാധിയായിട്ടാണ് ഡ്രൈവിംഗിനെ പലരും കാണുന്നത്. കുറച്ചു മര്യാദയോടെ പറഞ്ഞാൽ, ത്രില്ല് വേണ്ടവർ അതു കണ്ടവന്റെ നെഞ്ചത്തല്ല കണ്ടെത്തേണ്ടത്.
7. “ഞാനെത്ര സൂക്ഷിച്ച് ഓടിച്ചിട്ടെന്താ! എതിരേ വരുന്നവൻ ശരിയല്ലെങ്കിൽ തീർന്നില്ലേ’
അതിലും കാര്യമുണ്ട്. പക്ഷേ അവിടെ ആലോചിക്കേണ്ട കാര്യം വേറെയാണ്. മറ്റുള്ളവരുടെ അശ്രദ്ധകൊണ്ടുള്ള അപകടസാധ്യത ഉള്ളപ്പോൾ നിങ്ങളും കൂടി അശ്രദ്ധയോടെ ഓടിച്ചാലോ?
(വൈശാഖൻ തന്പി ഫേസ്ബുക്കിൽ കുറിച്ചത്)