പാലക്കാട്: സർക്കാർ വിരുദ്ധവും എസ്എഫ്ഐ വിരുദ്ധവുമായ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽനിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണ് മറുപടി പറഞ്ഞത്.
എസ്എഫ് ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതുപറയും. അതു ബോധ്യപ്പെടതിനാലാണ് കേസെടുത്തത് അന്വേഷണം നടക്കട്ടെയെന്നു പറഞ്ഞത്.
സർക്കാർ വിരുദ്ധ എസ്എഫ് ഐ വിരുദ്ധ പ്രചാരണങ്ങളുമായി മാധ്യമങ്ങളുടെ പേരും പറഞ്ഞു നടന്നാൽ ഇനിയും കേസെടുക്കുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നാണ് എം.വി. ഗോവിന്ദൻ ഞായറാഴ്ച ഭീഷണി മുഴക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ ഗൂഢാലോചനയിൽ പങ്കാളിയാണെന്നതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം വാദിച്ചു.
ദേശീയ മാധ്യമങ്ങളിലടക്കം വിഷയം വലിയ തോതിൽ ചർച്ചയായ സാഹചര്യത്തിലാണ് എം.വി. ഗോവിന്ദന്റെ മലക്കംമറിച്ചിൽ.