വിമാനത്തിൽ അനുവദനീയമായതിലും കൂടുതൽ ഭാരവസ്തുക്കൾ കൊണ്ടുപോകുന്നതിന് ബാഗേജ് ഫീസ് നൽകേണ്ടതുണ്ട്. അത് ഒഴിവാക്കുവാൻ ഒരു യുവതി ചെയ്ത പ്രവൃത്തിയാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.
ഫിലിപ്പീൻസ് സ്വദേശിനിയായ ഇവരുടെ പേര് ജെൽ റോഡ്രിഗസ് എന്നാണ്. പരമാവധി ഏഴ് കിലോയായിരുന്നു ലഗേജിന്റെ ഭാരം. എന്നാൽ ഒമ്പതര കിലോ ഭാരമുള്ള ലഗേജുമായാണ് ഇവർ എത്തിയത്. തുടർന്ന് അധിക ഫീസ് അടയ്ക്കണമെന്ന് വിമാനജീവനക്കാർ അറിയിച്ചുവെങ്കിലും ഇവർ അതിന് തയാറായില്ല.
ഈ തുക ഒഴിവാക്കുവാനായി ഇവർ രണ്ടര കിലോ ഭാരം വരുന്ന വസ്ത്രങ്ങൾ ശരീരത്ത് ധരിക്കുകയായിരുന്നു. ഇതോടെ ലഗേജിന്റെ ഭാരം ആറര കിലോയായി കുറഞ്ഞു. നിരവധി പാന്റുകളും ബനിയനുകളും ധരിച്ച് ഇവർ നിൽക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതിനോട് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.