ബിഗ് ബോസില്‍ നിന്നു വിട്ടു പോയത് ആരവിനോടുള്ള പ്രണയം നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനാല്‍ ; എന്തിന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നത് വെളിപ്പെടുത്തി നടി ഓവിയ

കമല്‍ ഹാസന്‍ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്ന് നടി ഓവിയ പുറത്തായത് വന്‍വാര്‍ത്തയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് നടി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ്‌ബോസിലെ മത്സരാര്‍ഥിയായ ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാനാകാതെയാണ് ഓവിയ റിയാലിറ്റി ഷോയില്‍നിന്ന് ഇറങ്ങിപ്പോയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ഓവിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്കാ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ട് പുറത്തിറങ്ങുന്നതെന്നാണ് ഓവിയ പറയുന്നത്.

സ്‌നേഹം ലഭിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ബിഗ്‌ബോസിനെത്തിയത്. ഈ ഷോയ്ക്ക് ഞാന്‍ തടസം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. സന്തോഷവതിയായാണ് താന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പടിയിറങ്ങിയതെന്നും ഓവിയ പറയുന്നു. ഓവിയ പുറത്തിറങ്ങിയതോടെ എല്ലാവരുടെ കണ്ണും നീളുന്നത് ആരവിലേക്കാണ്. ടെലിവിഷന്‍ താരമാണ് ആരവ്. ഇസ് പ്യാര്‍ കോ ക്യാ നാം ദൂന്‍, മഹാഭാരതം എന്നീ ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് പരിചിതനുമാണ്.

ബിഗ് ബോസ് ഹൗസില്‍ വച്ച് ഓവിയ ആത്മഹത്യാ ശ്രമം നടത്തിയതായും വാര്‍ത്ത പരന്നിരുന്നു. ഷോയിലെ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ കാരണം ഓവിയെ സ്വിമ്മിങ് പൂളില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട് ഇതേ തുടര്‍ന്ന് ചാനലിനും അവതാരകന്‍ കമല്‍ ഹസനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ആരവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഓവിയ സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടിയത് എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

കംഗാരു എന്ന മലയാള സിനിമയിലൂടെ 2007 ലാണ് ഓവിയ സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് കളവാണി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവട് മാറി. ഏത് വേഷവും ധരിക്കാന്‍ ഓവിയ തയ്യാറായെങ്കിലും അവസരങ്ങള്‍ അധികം ലഭിച്ചില്ല. എന്നാല്‍ ബിഗ് ബോസില്‍ ഓവിയ ഹിറ്റാകുകയായിരുന്നു. ഓവിയയുടെ കട്ട ഫാന്‍സ് ഓവിയ ആര്‍മി എന്നൊരു ടീം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഷോയുടെ റേറ്റിംഗ് കൂടിയത് തന്നെ ഓവിയ കാരണമാണെന്നാണ് വിലയിരുത്തലുകള്‍. എന്തായാലും നടിയുടെ പുറത്താകല്‍ ഷോയുടെ റേറ്റിംഗ് കുറയ്ക്കുമോയെന്നാണ് ചാനലിന്റെ ആശങ്ക.

 

Related posts