കോൽക്കത്ത: അടുത്ത വർഷം നടക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാൻ അസദുദീൻ ഒവൈസിയുടെ എഐഎംഐഎം (ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ). ബംഗാളിൽ പാർട്ടിക്ക് ഏകദേശം മൂന്നു ലക്ഷത്തോളം അംഗങ്ങളുണ്ട്. 2023 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാൾഡ, മുർഷിദാബാദ് എന്നിവിടങ്ങളിൽനിന്നു മാത്രം ഏകദേശം ഒന്നര ലക്ഷം വോട്ടുകൾ നേടിയെന്ന് എഐഎംഐഎം നേതാവ് ഇമ്രാൻ സോളങ്കി പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് എഐഎംഐഎം ബംഗാളിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള മാൾഡ, മുർഷിദാബാദ്, നോർത്ത് ദിനാജ്പുർ ജില്ലകളിൽ ഏഴു സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നു.
ഈദിനു ശേഷം തെരഞ്ഞെടുപ്പിനു മുന്നോടിയായി റാലികൾ നടത്താൻ ഒവൈസി ബംഗാൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. 2011 ലെ സെൻസസ് പ്രകാരം പശ്ചിമ ബംഗാൾ ജനസംഖ്യയുടെ 27 ശതമാനം മുസ്ലിംകളാണ്.