ലോകത്തിലെ ഏറ്റവും നന്ദിയുള്ള ജീവിവര്‍ഗം ഏതെന്ന ചോദ്യത്തിന് നായ എന്നായിരിക്കും ഏവരും നല്‍കുന്ന ഉത്തരം. എന്നാല്‍ ഈ നന്ദി മനുഷ്യര്‍ക്ക് ഉണ്ടോയെന്നു ചോദിച്ചാല്‍ സംശയമാണ്. സ്വന്തം മാതാപിതാക്കളെ തെരുവില്‍ തള്ളുന്നവര്‍ വളര്‍ത്തു നായ്ക്കളെ സമാനമായ രീതിയില്‍ ഉപേക്ഷിക്കുമ്പോള്‍ അതിശയിക്കാനൊന്നുമില്ല.
ഷാരോണ്‍ നോര്‍ട്ടണ്‍ എന്ന മൃഗസംരക്ഷകവകുപ്പ് ഉദ്യോഗസ്ഥ തനിക്ക് ഒരു ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് തിരക്കേറിയ റോഡില്‍ എത്തിയത്. എന്നാല്‍ ഷാരോണ്‍ അവിടെ കണ്ട കാഴ്ച ഏതൊരു മൃഗസ്‌നേഹിയുടേയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. കസേരയുള്‍പ്പെടെ ഒരു നായയെ ഉപേക്ഷിച്ചിരിക്കുന്നു. ഉപേക്ഷിച്ചവര്‍ തിരികെ വന്ന് കൂട്ടിക്കൊണ്ടു പോകുമെന്ന് കരുതി വിശന്നിട്ടും ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകാതെ കാത്തിരിക്കുകയായിരുന്നു ആ നായക്കുട്ടി.
മിസിസിപ്പിയിലെ ബ്രൂക്ക്‌ലൈനിലെ റോഡിലാണ് ആരെയോ പ്രതീക്ഷിച്ച് നായക്കുട്ടി കസേരയില്‍ കാത്തിരുന്നത്. നായക്കൊപ്പം കസേരയും ഒരു എല്‍സിഡി ടിവിയും ഒരു ട്രക്കില്‍ കൊണ്ട് വന്ന് ഉപേക്ഷിക്കുന്നത് കണ്ടെന്നാണ് ഷാരോണിന് വിവരം നല്‍കിയ ആള്‍ പറഞ്ഞത്. ഷാരോണ്‍ എത്തുമ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ആകെ അവശനായ അവസ്ഥയിലായിരുന്നു നായ. തുടര്‍ന്ന് നായയെ ബ്രൂക്ക് ഹാവന്‍ അനിമല്‍ റെസ്‌ക്യൂ ലീഗിന്റെ സംരക്ഷണയിലാക്കി. നായയെ ഏറ്റെടുക്കാന്‍ ആരെങ്കിലും എത്തുകയാണെങ്കില്‍ കൈമാറാനാണ് അധികൃതരുടെ തീരുമാനം.