തിരുപ്പതി: രാജ്യത്ത് ഓക്സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ കൂടി മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ദാരുണ സംഭവം.
തിരുപ്പതിയിലുള്ള റുയ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്.
ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അഞ്ച് മിനിറ്റ് വൈകിയതാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്.
ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ വൈകിയതുമൂലം മർദ്ദം കുറഞ്ഞതാണ് രോഗികളുടെ മരണത്തിനിടയാക്കിയത്.
ഓക്സിജൻ വിതരണം അഞ്ച് മിനിറ്റിനുള്ളിൽ പുനസ്ഥാപിക്കാൻ സാധിച്ചതുമൂലം കൂടുതൽ അപകടങ്ങൾ ഒഴിവായതായി അധികൃതർ അറിയിച്ചു.
30 ഡോക്ടർമാരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി രോഗികൾക്ക് വേണ്ട ചികിത്സ നൽകിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം ഓക്സിജൻ ദൗർലഭ്യം ഇല്ലെന്നും വേണ്ടത്ര വിതരണം നടക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.
റുയ ആശുപത്രിയിലെ ഐസിയുവിൽ 700 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 300 കോവിഡ് രോഗികൾ വാർഡുകളിലും ചികിത്സയിലുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗമോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ജില്ല കളക്ടറുമായും അദ്ദേഹം സംസാരിച്ചു.
സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്നും ജഗമോഹൻ റെഡ്ഡി നിർദേശിച്ചു.