ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിൽ അതീവ ഗുരുതരസാഹചര്യം. ഓക്സിജൻ ലഭിക്കാതെ ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു.
രണ്ട് മണിക്കൂർ ഉപയോഗിക്കുന്നതിനുള്ള ഓക്സിജൻ മാത്രമാണ് അവശേഷിക്കുന്നത്. 60 രോഗികളുടെ ജീവൻ അപകടത്തിലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വെന്റിലേറ്ററുകളും ബിപാപ്പും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഐസിയുവുകളിലും എമർജൻസിയിലും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന വെന്റിലേഷനെ ആശ്രയിക്കുകയാണ്. വലിയ പ്രതിസന്ധി സാധ്യതയുണ്ട്.
അപകടസാധ്യതയുള്ള 60 രോഗികളുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്. വ്യോമമാർഗം ഓക്സിജൻ എത്തിക്കേണ്ട അടിയന്തര സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ആശുപത്രി ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹിയിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയാണ് ഗംഗാ റാം ആശുപത്രി. ഇവിടെ അഞ്ഞൂറിലേറെ കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.