ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം വിതച്ച ദുരന്തത്തിനിടെ രാജ്യത്ത് ഒരാൾ പോലും ഓക്സിജൻ ലഭിക്കാതെ മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ പ്രസ്താവനയ്ക്കെതിരേ വ്യാപക പ്രതിഷേധം.
രാജ്യസഭയിൽ ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടുള്ള ഒറ്റ മരണം പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പറയുന്നത്.
ഡൽഹിയിൽ ഉൾപ്പെടെ ഓക്സിജൻ കിട്ടാതെ ആശുപത്രികളിൽ കൂട്ട മരണങ്ങൾ നടന്ന സംഭവം ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുന്നിൽ വരെ എത്തിയതാണ്.
ഓക്സിജൻ ലഭിക്കാതെ ആളുകൾ അത്യാസന്നനിലയിൽ ആശുപത്രികളുടെ മുന്നിൽ കാത്തു കിടക്കുന്ന ദാരുണദൃശ്യങ്ങളും രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ രാജ്യം കണ്ടതാണ്.
എന്നിട്ടും ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങളൊന്നും തന്നെ രാജ്യത്തുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവകാശവാദം.
കോവിഡ് രണ്ടാം തരംഗം വീശിയടിച്ച ഏപ്രിലിൽ ഡൽഹിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ മാത്രം ഓക്സിജൻ ലഭിക്കാതെ 25 കോവിഡ് രോഗികൾ മരിച്ചിരുന്നു. ഡൽഹി ബത്ര ആശുപത്രിയിൽ 12 പേരാണ് മരിച്ചത്.
ഈ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗൗരവ് ഖേരയും സഹോദരി ഭാരതിയും പറഞ്ഞത്, സർക്കാർ പാർലമെന്റിൽ നൽകിയ മറുപടി കേട്ട് തങ്ങൾ ഞെട്ടിപ്പോയെന്നാണ്.
ഓക്സിജൻ ഇല്ലാതിരുന്നതുകൊണ്ടു മാത്രമാണ് ഐസിയുവിൽ കഴിഞ്ഞിരുന്ന തങ്ങളുടെ പിതാവിന്റെ മരണം സംഭവിച്ചതെന്നും ഗൗരവ് പറഞ്ഞു.
സെബി മാത്യു