മാവേലിക്കര: ചെങ്ങന്നൂർ കോവിഡ് സിഎഫ്എൽറ്റിസിയിലേക്ക് ഓക്സിജൻ സിലിണ്ടര്‍ അടിയന്തരമായി എത്തിക്കേണ്ടിയിരുന്ന വാഹനത്തിനും ഓഫീസിലും ഡ്രൈവർമാർ ഇല്ലാതിരുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ സാരഥ്യം ഏറ്റെടുത്ത് ജോയിന്റ് ആർടിഒ എം.ജി. മനോജ് മാതൃകയായി.
ഓക്സിജൻ വേഗത്തിൽ എത്തിക്കാനായി ടിപ്പർ സ്വയം ഓടിച്ചുപോകുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്ന അറിയിപ്പ് ഓഫീസിൽ എത്തുന്നത്.
ഈ സമയം ഓക്സിജൻ സിലിണ്ടറുകളുടെ സുഗമമായ വിതരണത്തിനായി പ്രത്യേക ഉത്തരവിലൂടെ ബീക്കണ്‍ ലൈറ്റും ജിപിഎസും ഘടിപ്പിച്ച, സൈഡ് ബോഡി തുറക്കാവുന്ന ടിപ്പർ വാഹനം മാവേലിക്കര സബ് ആർടിഒയുടെ അധീനതയിൽ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ ആ സമയത്ത് ലഭ്യമായിരുന്നില്ല.
ഡിപ്പാർട്ട്മെന്റ് ഡ്രൈവർ ആലപ്പുഴ വാർ റൂം ഡ്യൂട്ടിയിലും ആയിരുന്നു. തുടർന്ന് ജോയിന്റ് ആർടിഒ ടിപ്പർ ലോറിയുമായി ഓക്സിജൻ ഫാക്ടറിയിൽ എത്തുകയായിരുന്നു.
ഫാക്ടറി ജീവനക്കാർക്ക് ആദ്യം കൗതുകം തോന്നിയെങ്കിലും കാര്യമറിഞ്ഞപ്പോൾ പെട്ടെന്നുതന്നെ സിലിണ്ടറുകൾ ലോഡ് ചെയ്തു കൊടുത്തു.
അവിടെനിന്നും ചെങ്ങന്നൂർ ഐപിസി പാരിഷ് ഹാളിൽ സജ്ജമാക്കിയിട്ടുള്ള സിഎഫ്എൽറ്റിസിയിലേക്ക്. അവിടെ കയറ്റിയിറക്കിനാകട്ടെ പ്രത്യേകം ജീവനക്കാരും ഇല്ലായിരുന്നു.
കോവിഡ് മാലിന്യ നിർമാർജനത്തിനു ചുമതലയുണ്ടായിരുന്ന രണ്ടു പേരോടൊപ്പം ജോയിന്റ് ആർടിയും പൈലറ്റ് വാഹനം ഓടിച്ചെത്തിയ എഎംവിഐ ശ്യാംകുമാറും ചേർന്ന് ലോഡിറക്കി മടങ്ങി.
ജില്ലയിൽ കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഓക്സിജന്റെ സുഗമമായ വിതരണത്തിനുള്ള വാഹന ക്രമീകരണം മോട്ടോർ വാഹന വകുപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.
മാവേലിക്കര സബ് ആർടി ഓഫീസിലെ എംവിഐമാരായ എസ്. സുബി, സി.ബി. അജിത്ത് കുമാർ, എഎംവിഐമാരായ എം. ശ്യാംകുമാർ, പി. ജയറാം, പി. ഗുരുദാസ് എന്നിവരും വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിംഗും സദാ ജാഗരൂകരാണ്. ജില്ലയിലെ മൊത്തം പ്രവർത്തനങ്ങളെ ആർടിഒമാരായ ജി.എസ്. സജി പ്രസാദ്, പി.ആർ. സുമേഷ് എന്നിവർ നിയന്ത്രിക്കുന്നു.