സ്വന്തം ലേഖകൻ
തൃശൂർ: പ്രാണവായു കിട്ടാതെ മരിച്ച പൊന്നുമോളുടെ അവസ്ഥ ആർക്കും വരാതിരിക്കാനായി ഒരുപാടു പേർക്ക് പ്രാണവായു ലഭിക്കാൻ അവസരമൊരുക്കി വിങ്ങുന്ന ഹൃദയത്തോടെ ഒരച്ഛൻ….
20 വർഷം മുൻപ് ഓക്സിജന്റെ ലഭ്യതകുറവു മൂലം മരണമടഞ്ഞ മകളുടെ ഓർമയ്ക്കായും ആ ഒരു അവസ്ഥ ഒരാൾക്കും വരാതിരിക്കാനുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാണ എയർ ഫോർ കെയർ പദ്ധതിയിലേക്ക് 12,000 രൂപയുടെ ചെക്ക് കൈമാറുന്പോൾ കൈനൂർ ശ്രീലക്ഷ്മിയിൽ ഐ.രാധാകൃഷ്ണന്റെ മനസ് തേങ്ങുകയായിരുന്നു.
തിരൂർ പള്ളിപ്പറന്പിൽ ഗാനമേള കണ്ടുകൊണ്ടിരിക്കെ ഇരുപത് വർഷം മുൻപ് മകൾ രാധിക ശ്വാസം മുട്ടലിനെ തുടർന്ന് മരണത്തോടു മല്ലടിക്കുന്പോൾ ഓക്സിജൻ കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ ആ 19 കാരിയുടെ ജീവൻ രക്ഷിക്കാമായിരുന്നു.
പരിപാടി കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ രാധികയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.എന്നാൽ അന്ന് ആ സമയത്ത് ഓക്സിജൻ നൽകാനുള്ള സൗകര്യവും സാഹചര്യവും അവിടെയുണ്ടായിരുന്നില്ല.
പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ച മകളുടെ തീരാത്ത ഓർമകളും വേദനകളുമായി കഴിയുകയാണ് തൃശൂർ മെഡിക്കൽ കോളജിലെ മുൻ ലൈബ്രേറിയനായ രാധാകൃഷ്ണനും ഭാര്യ രമണിയും.
തൃശൂർ പാറമേക്കാവ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു രാധിക. രാധാകൃഷ്ണന്റെ മകൻ ഗോകുൽ തൃശൂരിൽ എഫ്എം റേഡിയോവിൽ ജോലി ചെയ്യുന്നു.
രോഗികൾക്ക് മുടക്കമില്ലാതെ ഓക്സിജൻ നൽകുന്നതിനുള്ള പ്രാണ എയർ ഫോർ കെയർ പദ്ധതിയിലേക്ക് ഒരു യൂണിറ്റിനുള്ള തുകയാണ് ഈ അച്ഛൻ കൈമാറിയത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എം.എ.ആൻഡ്രൂസ് ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ എൻ.രാധാകൃഷ്ണൻ, പ്രശാന്ത് കൃഷ്ണ,
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ നാരായണൻ, പി.എഫ്.രാജു തുടങ്ങിയവർ പങ്കെടുത്തു.