പേരൂർക്കട : ശരീരത്തിലെ ഓക്സിജൻ നില അറിയാൻ ഉപയോഗിക്കുന്ന പൾസ് ഓക്സിമീറ്റർ ഇനി കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഭരണസമിതി ദുബായിൽ നിന്ന് കൂടുതൽ ഓക്സി മീറ്ററുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ഇതിന്റെ വില 500 രൂപയ്ക്ക് താഴെ എത്തും. നിലവിൽ 750 രൂപയ്ക്കാണ് ഡ്രഗ് ബാങ്ക് വഴി വിൽപന നടത്തുന്നത്.
അതേസമയം പുതിയ സ്റ്റോക്ക് എത്തുന്പോൾ മെഡിക്കൽ സ്റ്റോറുകൾ വഴി പൾസ് ഓക്സിമീറ്റർ വിൽപ്പന നടത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഡ്രഗ് കൺട്രോളറുമായി നടത്തുന്ന ചർച്ചകൾക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പൊതുവിപണിയിൽ ഓക്സി മീറ്ററുകൾ എത്തിച്ചു കഴിഞ്ഞാൽ ഇവ കൃത്യമായ വിലയ്ക്കാണ് വിൽക്കുന്നത് എന്ന് ഉറപ്പുവരുത്താൻ സാധിക്കുന്ന ഒരു സംവിധാനം ഇതിനായി വേണ്ടിവരും. കേരളത്തിലെ 14 ജില്ലകളിലും നിലവിൽ ഓക്സിമീറ്റർ എത്തിച്ചിട്ടുണ്ടെന്നും ഗവ. മെഡിക്കൽ കോളജുകളിലെ ഫാർമസികൾ വഴി മാത്രമായിരിക്കും തൽക്കാലം വിൽപ്പന നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.
മുമ്പ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന പൾസ് ഓക്സിമീറ്റർ 400 രൂപയ്ക്ക് താഴെ വിലയ്ക്ക് ഡ്രഗ് ബാങ്കിൽ വിൽപ്പന നടത്തിയിരുന്നുവെങ്കിലും മെഡിക്കൽ സ്റ്റോറുകൾ വഴി 3,000 ലേറെ രൂപയ്ക്കാണ് വില്പന നടത്തി വന്നിരുന്നത്.
നിലവിൽ സ്റ്റോക്കുള്ള ഓക്സിമീറ്ററുകളുടെ വില കുറച്ചതായി മെഡിക്കൽ സ്റ്റോറുകൾ അറിയിപ്പ് ബോർഡ് വച്ചുതുടങ്ങി.
1,500 രൂപ വരെയാണ് ഇപ്പോൾ ഇവർ ഈടാക്കി വരുന്നത്.ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത പൾസ് ഓക്സിമീറ്റർ ഇനി 4,000-ഓളം മാത്രമേ ബാക്കിയുള്ളൂ. കൂടുതൽ ഓക്സിമീറ്റർ ഉടൻ എത്തിച്ചേരും.
ഫാർമസിയിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഇതിന്റെ പ്രവർത്തനം വിശദീകരിച്ചു കൊടുക്കുന്നുണ്ടെന്നും നിരവധി ആൾക്കാർ ഫോൺ മുഖാന്തരം ഫാർമസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെ ചീഫ് ഫാർമസിസ്റ്റ് എ. ബിജു പറഞ്ഞു.