ചെറായി: നൂറു പേർക്ക് പ്രാണവായുവായ ഓക്സിജൻ എത്തിച്ചു നൽകിയതിന്റെ ആത്മ നിർവൃതിയിലാണ് പള്ളിപ്പുറത്തെ പൊതുപ്രവർത്തകനായ സോളിരാജും സംഘവും.
കഴിഞ്ഞ ദിവസം പള്ളിപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡിൽ കളത്തിപറമ്പിൽ സുമതിക്ക് കൂടി ഓക്സിജൻ എത്തിച്ചതോടെയാണ് 100 തികഞ്ഞത്. കോവിഡ് കാലം മുതൽ സ്വഭാവിക ശ്വസന പ്രക്രിയ തടസപ്പെട്ട് ഒക്സിജൻ സിലിണ്ടറിന്റെ സഹായം ഇല്ലാതെ ജീവൻ നിലനിർത്താൻ കഴിയാത്തവർക്ക് ആണ് ഇവർ സൗജന്യമായി ഓക്സിജൻ എത്തിച്ചു നൽകുന്നത്.
18,000 രൂപയോളം മുടക്കി സിലിണ്ടർ വിലക്ക് വാങ്ങാൻ കഴിയാത്തവരാണ് ഏറെയും. ഓക്സിജൻ നിറക്കാൻ 500 രൂപ വേണ്ടി വരും. സിലിണ്ടർ വാടകയ്ക്ക് എടുക്കണമെങ്കിൽ 5,000 രൂപയോളം കെട്ടി വയ്ക്കണം.
24 മണിക്കൂറും ഇത് ഉപയോഗിക്കേണ്ടി വരുന്ന രോഗികൾക്ക് ഒരു ദിവസം ഒരു വലിയ സിലിണ്ടർ തന്നെ വേണ്ടി വരും. ഇവിടെയാണ് സോളിയും സഹപ്രവർത്തകരായ രാജേഷ് ചിദംബരൻ, പി.ബി. സുധി, മനു കുഞ്ഞുമോൻ എന്നിവർ സഹായഹസ്തവുമായി എത്തുന്നത്.
സുമനസുകളുടെ സഹായത്തോടെയാണ് ഈ സംഘം ഈ സത്പ്രവർത്തി ചെയ്തു വരുന്നത്. നൂറാമത്തെ രോഗിക്ക് സിലിണ്ടർ നല്കാൻ ചെറായി ഗൗരീശ്വര സഭ ട്രഷറർ ബെൻസീർ കെ.രാജും, വ്യാപാരി വ്യവസായി സമിതി വൈപ്പിൻ മേഖലാ പ്രസിഡന്റ് ഒ.സി. സൈജുവുമാണ് സംഘത്തെ സഹായിച്ചത്.