കുന്നംകുളം: ആശ്വാസത്തോടെ ശ്വസിക്കാനുള്ള ഓക്സിജൻ തീരുമോ എന്ന ഭയം വേണ്ട, ആത്മവിശ്വാസത്തോടെ ഓക്സിജൻ ശ്വസിക്കാൻ മുഹമ്മദലിക്ക് വൈദ്യുതിയിൽനിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രം സ്വന്തം. ശ്വാസസംബന്ധമായ രോഗത്തത്തുടർന്ന് കഴിഞ്ഞ നാലുവർഷമായി ഓക്സിജൻ സിലണ്ടറിന്റെ സഹായത്തോടെ ശ്വസിക്കുന്ന കുന്നംകുളം കിഴൂർ കാക്കതിരുത്ത് നാറാണത്ത് വീട്ടിൽ മുഹമ്മദ് അലിക്കാണ് നാട്ടിലെ ജീവകാരുണ്യ സംഘടനകൾ ഒത്തൊരുമിച്ച് വൈദ്യുതിയിൽനിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രം നൽകിയത്.
ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വടുതല നാഥാ നിനക്കായ്, കിഴൂർ മഹൽ സാന്ത്വനം കമ്മിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് അന്പതിനായിരം രൂപ വിലവരുന്ന വൈദ്യുതിയിൽനിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന യന്ത്രം നൽകിയത്. മാസത്തിൽ 20 കുറ്റി ഓക്സിജനോളം മുഹമ്മദലിക്ക് ആവശ്യമായി വന്നിരുന്നു .
ഷെയർ ഏന്റ് കെയർ ചാരിറ്റബൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസൻ, പെയിൻ ഏന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് കെ.എം ഗഫൂറിനു യന്ത്രം കൈമാറി. സി.ഐ. ജസീൽ, എസ്.എസ്. മജീദ്്, പി.എ. സക്കീർ, കെ.എം. കബീർ, കെ.പി. ബക്കർ, സി.എ. സുലൈമാൻ, കെ.എം. ഷംസുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്, നാഥാ നിനക്കായ്, ഡോളാ വെൽഫയർ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ഓക്സിജൻ കുറ്റികൾ ലഭ്യമാക്കി ക്കൊണ്ടിരുന്നത്. മാസം തോറും ഭീമമായ ഒരു സംഖ്യ മരുന്നിനും വേണ്ടി വരുന്നുണ്ട്.