പത്തനംതിട്ട: കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്ധനയേ തുടര്ന്ന് ജനറല് ആശുപത്രിയിലടക്കം ഓക്സിജന് സിലിണ്ടറുകളുടെ ലഭ്യതയില് കുറവ്.
ഇന്നലെ സ്വകാര്യ ആശുപത്രിയില് നിന്ന് സിലിണ്ടറുകള് ജനറല് ആശുപത്രിയിലെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. എന്നാല് ഇതു പതിവുള്ളതാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു.
നിലവില് സ്ഥിതി ഗുരുതരമല്ലെന്നും താത്കാലിക പ്രശ്നങ്ങള് പരിഹരിച്ചെന്നുമാണ് ജില്ലാ കളക്ടര് ഡോ.നരസിംഹുഗാരി തോജ് ലോഹിത് റെഡ്ഡി പറഞ്ഞു.
ജില്ലയില് കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന രണ്ട് സര്ക്കാര് ആശുപത്രികളില് ഒന്നാണ് പത്തനംതിട്ട ജനറല് ആശുപത്രി. 123 കോവിഡ് രോഗികളാണ് നിലവില് ചികിത്സയിലുള്ളത്.
15 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഈ സാഹചര്യത്തില് ആശുപത്രിയില് കൂടുതല് ഓക്സിജന് സിലിണ്ടറുകളുടെ ആവശ്യം ഉണ്ടാകുന്നുണ്ട്. 93 സിലിണ്ടറുകള് ഉണ്ടെങ്കിലും കരുതല് ശേഖരത്തിലുള്ളവയില് ഭൂരിഭാഗവും കാലിയാണ്.
അടിയന്തരഘട്ടത്തെ നേരിടാന് കരുതല് ശേഖരത്തിലേക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 26 സിലിണ്ടറുകള് എത്തിച്ചത്. സ്വകാര്യമേഖലയുടെ സഹായത്തോടെ എറണാകുളത്ത് നിന്ന് കൂടുതല് സിലിണ്ടറുകള് ഉടന് എത്തിക്കും.
ഓക്സിജൻ ക്ഷാമമില്ലെന്ന് ആരോഗ്യവകുപ്പ്
ജില്ലയില് നിലവില് ഓക്സിജന് ക്ഷാമമില്ലെന്ന് ആരോഗ്യ വകുപ്പ്. ജനറല് ആശുപത്രിയില് ഇന്നലെയുണ്ടായത് താത്കാലിക പ്രതിസന്ധിയാണെന്ന് അധികൃതര് പറയുന്നു. കരുതല് ശേഖരം ഉണ്ടായിരുന്നില്ല.
നിലവില് ഒമ്പത് സിലിണ്ടറുകളുണ്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം കൂടിയതിനെ തുടര്ന്ന് അടിയന്തര സാഹചര്യം ഉണ്ടായപ്പോള് സ്വകാര്യ ആശുപത്രിയില് നിന്ന് ആറെണ്ണം എടുക്കുകയായിരുന്നു.
അത്യാവശ്യം വരുമ്പോള് ജനറല് ആശുപത്രിയില് നിന്ന് സ്വാകാര്യ ആശുപത്രികള്ക്കും തിരിച്ചും ഓക്സിജന് സിലിണ്ടറുകള് നല്കാറുണ്ട്. ജില്ലാ ആശുപത്രിയില് നിന്ന് പുതിയ സിലിണ്ടറുകള് എത്തിച്ച് കുറവ് പരിഹരിച്ചു.
ജില്ലയിലെ സര്ക്കാര്, സ്വകാര്യ ആശുപത്രികളിലായി 450 ഓക്സിജന് സിലിണ്ടറുകള് സ്റ്റോക്കുണ്ട്. നിലവില് ഓക്സിജന് കിടക്കകളിലുള്ളത് 58 രോഗികളാണ്.
കോവിഡ് രണ്ടാം വ്യാപനത്തോടെ ഓക്സിജന് ഉപയോഗിക്കുന്ന രോഗികളുടെ എണ്ണം നാലിരട്ടിയായി. ഇത്തരത്തില് രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നില്ക്കണ്ടുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര് പറഞ്ഞു.
വാക്സിന് തികയുന്നില്ല, ക്ഷാമം തുടരുന്നു
കോവിഡ് പ്രതിരോധ വാക്സിന് വിതരണത്തില് ജില്ലയില് ക്ഷാമം തുടരുന്നു. പ്രതിദിനം 15000 വാക്സിനേഷന് നടന്നിരുന്ന ജില്ലയില് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് 10,000 കടക്കുന്നില്ല.
ഇന്നലെയും 10000 വാക്സിനേഷന് മാത്രമാണ് നടന്നത്. ഇന്നും നാളെയും ഭൂരിഭാഗം കേന്ദ്രങ്ങളിലും വിതരണം സ്തംഭിക്കും. ഇനി രണ്ട് ദിവസത്തിനു ശേഷമേ ജില്ലയില് വാക്സിന് എത്തൂ എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര് പറയുന്നത്.
20000 ഡോസ് കൂടി രണ്ടു ദിവസത്തിനുള്ളില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 45 വയസിന് മുകളിലുള്ള ജില്ലയിലെ 47 ശതമാനം ആളുകളില് ഒന്നാം ഡോസ് വാക്സിന് കുത്തിവച്ചിട്ടുണ്ട്.