ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തുണ്ടായ ഓക്സിജൻ ക്ഷാമം കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നു. ഡൽഹിയിലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു.
വെള്ളിയാഴ്ച അർധരാത്രിയാണ് ആശുപത്രിയിൽ ഓക്സിജൻ ശേഖരം തീർന്നത്. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏകദേശം 200 ഓളം ഓക്സിജൻ ആവശ്യമായ കോവിഡ് രോഗികൾ നിലവിൽ ആശുപത്രിയിലുണ്ടെന്നാണ് വിവരം. ഇവർക്ക് 45 മിനിറ്റ് മാത്രം നൽകാൻ കഴിയുന്ന ഓക്സിജൻ ശേഖരമേ ആശുപത്രിയിൽ ശേഷിക്കുന്നുള്ളൂ എന്നും കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.
അമൃത്സറിലും ഓക്സിജൻ ക്ഷാമം; ആറ് രോഗികൾ മരിച്ചു
അമൃത്സർ: പഞ്ചാബിൽ ഓക്സിജൻ ക്ഷാമം മൂലം ആറ് രോഗികൾ മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരായിരുന്നു. മറ്റൊരാൾ മറ്റ് രോഗങ്ങളുമായാണ് അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്നത്.
അമൃത്സറിലെ നീൽകാന്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം നിലനിൽക്കുന്നത്. രാത്രി തന്നെ ഇക്കാര്യം സർക്കാരിനെ അറിയിച്ചതാണെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം.