പാലക്കാട്: നിർമിക്കുന്ന ഓക്സിജൻ വിതരണത്തിനു തികയുന്നില്ലെന്ന മുന്നറിയിപ്പുമായി കഞ്ചിക്കോട്ടെ സതേണ്‍ ഗ്യാസ് ലിമിറ്റഡ്.
സംസ്ഥാനത്തെ വലിയ അളവു ആശുപത്രികളിലേക്കും മെഡിക്കൽ ഓക്സിജൻ എത്തിക്കുന്ന കന്പനിയാണ് കൂടുതൽ ലിക്വിഡ് ഓക്സിജൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനു നടപടിയുണ്ടായില്ലെങ്കിൽ വൻ പ്രതിസന്ധിയുണ്ടാകുമെന്ന് കന്പനി പറയുന്നു.
340 സിലിണ്ടർ വരെയാണ് സതേണ്‍ ഗ്യാസിന്റെ പ്രതിദിന ഉല്പാദനം. എന്നാൽ, ആയിരം സിലിണ്ടറുകൾ വരെയാണ് ഇപ്പോഴത്തെ ആവശ്യം. ലിക്വിഡ് ഓക്സിജൻ ലഭ്യമായാൽ ഇത്രയും സിലിണ്ടറുകൾ നൽകാനാകും.
സർക്കാർ ഇടപെട്ട് സംസ്ഥാനത്തിനു പുറത്തുനിന്ന് ഇതെത്തിക്കുക മാത്രമാണ് മുന്നിലുള്ള വഴി.കഞ്ചിക്കോട്ടെ ഇനോക്സിൽനിന്നാണ് നിലവിൽ ലിക്വിഡ് ഓക്സിജൻ ലഭിക്കുന്നത്.
ഇത് കന്പനിയുടെ ശേഷിയുടെ മൂന്നിരട്ടിയോളം വരുന്ന ആവശ്യത്തിനു തികയുന്നില്ല. രോഗികളുടെ എണ്ണം ഇനിയും കൂടിയാൽ ഈ പ്രതിസന്ധി കൂടുതൽ കനക്കും.
വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്റെ നിർമാണം പൂർണമായി നിർത്തിവച്ചാണ് സതേണ്‍ ഗ്യാസ് മെഡിക്കൽ ഓക്സിജൻ നിർമിക്കുന്നത്.
ലിക്വിഡ് ഓക്സിജന്റെ കാര്യത്തിൽ അടിയന്തര സഹായം ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.