കോട്ടയം: കോട്ടയത്തിന് ഇപ്പോള്‍ ഓക്സിജന്‍ ദൗര്‍ലഭ്യത്തെക്കുറിച്ചുള്ള ആശങ്കകളില്ല.മറ്റു ജില്ലകളില്‍നിന്ന് സിലിണ്ടറുകള്‍ നിറച്ചു കിട്ടുന്നതിനായുള്ള നീണ്ട കാത്തിരിപ്പും പഴങ്കഥയായിരിക്കുന്നു. ഓരോദിവസവും ചികിത്സക്ക് ആവശ്യമായ ഓക്സിജന്‍ എല്ലാ ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് തലേന്നുതന്നെ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നത്.
ഓക്സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരവും ജില്ലയ്ക്കുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി നടത്തിയ മറ്റു തയാറെടുപ്പുകള്ക്കൊപ്പം കളക്്ടറേറ്റില്‍ മേയ് മൂന്നിനു തുടങ്ങിയ ഓക്സിജന്‍ വാര് റൂമിന്റെ ഇടപെടലും സുസജ്ജമായ സംവിധാനമൊരുക്കുന്നതില്‍ നിര്‍ണായകമായി.
കൃത്യമായി ലഭിക്കുന്നു
വാര് റൂമിന്റെ പ്രവര്‍ത്തനം ഒരു മാസം പിന്നിട്ടപ്പോള്‍ ജില്ലയിലെ കോവിഡ് ആശുപത്രികളും സ്വകാര്യ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന 137 ചികിത്സാ കേന്ദ്രങ്ങളിലും എല്ലാ ദിവസവും വേണ്ട ഓക്സിജന്‍ കൃത്യമായി ലഭിക്കുന്നു. വീടുകളില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനും വാര് റൂം സഹായകമാകുന്നു.
സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജന്‍ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ ഓക്സിജന്‍ വാര് റൂം തുറന്നത്.
ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ റവന്യൂ, ആരോഗ്യം, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, ഫാക്്ടറീസ് ആന്‍ഡ ബോയിലേഴ്സ്, വ്യവസായം, ജിഎസ്ടി എന്നീ വകുപ്പുകളിലെയും ആരോഗ്യ കേരളത്തിലെയും ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നു.
ഓരോ വകുപ്പിനും ഒരു നോഡല്‍ ഓഫീസറുണ്ട്. ചികിത്സാ കേന്ദ്രങ്ങള്‍ക്കു പുറമെ സംസ്ഥാനത്തെയും മറ്റു ജില്ലകളിലെയും വാര് റൂമുകള്‍, ഓക്സിജന്‍ പ്ലാന്റുകള്‍, വിതരണ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജില്ലാ വാര് റൂമിന്റെ പ്രധാന ചുമതല സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരിക്കാണ്.
വാര് റൂമുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കായി 137 ചികിത്സാ കേന്ദ്രങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് 19 ജാഗ്രത പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിന് ഇവര്‍ ഓരോരുത്തര്‍ക്കും പ്രത്യേക ലോഗിനും നല്കിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിലെ ഓക്സിജന്‍ ഉപയോഗം, ആകെ രോഗികള്‍, നിലവില്‍ ഓക്സിജന്‍ സ്വീകരിക്കുന്നവര്‍, വെന്റിലേറ്ററില്‍ കഴിയുന്നവര്‍, അടുത്ത 24 മണിക്കൂറില്‍ ആവശ്യമുള്ള ഓക്സിജന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവര്‍ എല്ലാ ദിവസവും രാവിലെ 11ന് മുമ്പ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യും.
നിശ്ചിത സമയത്തിനു മുമ്പ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും നല്കുന്ന വിവരങ്ങള്‍ കൃത്യമാണെന്നും ഉറപ്പാക്കുന്നതിന് വില്ലേജ് ഓഫീസര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ഓരോ ചികിത്സാ കേന്ദ്രത്തിന്റെയും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
പോര്‍ട്ടലില്‍ ലഭിക്കുന്ന വിവരങ്ങളും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ റിപ്പോര്‍ട്ടും സബ് കളക്്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തിയശേഷമാണ് ഓരോ കേന്ദ്രത്തിലേക്കും അടുത്ത 24 മണിക്കൂറിലേക്ക് ആവശ്യമുള്ള ഓക്സിജന്റെ അളവ് കണക്കാക്കി അനുവദിക്കുക.
നിറയ്ക്കുന്നതും ജില്ലയിൽ
സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വാര് റൂമിന്റെ സേവനവും ഈ വിവര ശേഖരണത്തിനായി പ്രയോജനപ്പെടുത്തുന്നു.
ആദ്യഘട്ടത്തില്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതിന് മറ്റു ജില്ലകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നതെങ്കില്‍ നിലവില്‍ പൂവന്തുരുത്തിലെ സ്വകാര്യ പ്ലാന്റിലാണ് ഭൂരിഭാഗം സിലിണ്ടറുകളും നിറയ്ക്കുന്നത്. 20 ശതമാനത്തില്‍ താഴെ സിലിണ്ടറുകള്‍ മാത്രമാണ് മറ്റു ജില്ലകളില്‍ നിറയ്ക്കുന്നത്.
ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ഏജന്‍സികള്‍ക്ക് പ്ലാന്റുകളില്‍ നിന്ന് കൃത്യമായി ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും വാര് റൂം മുഖേനയാണ്. വിതരണ ശൃംഖലയില്‍ തടസം നേരിട്ടാല്‍ സംസ്ഥാന വാര് റൂമിന്റെ സഹായത്തോടെ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.
സംസ്ഥാന വാര് റൂമിന്റെ നിയന്ത്രണത്തില്‍ പാലക്കാട് ജില്ലയിലെ ഐനോക്സ് പ്ലാന്റില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്കും മറ്റു പ്ലാന്റുകളില്‍ നിന്നു സ്വകാര്യ ആശുപത്രികളിലേക്കും ദ്രവീകൃത ഓക്സിജന്‍ എത്തിക്കുന്നതിന്റെ മേല്‍നോട്ടവും ജില്ലാ വാര് റൂം നിര്‍വഹിക്കുന്നു.
കോട്ടയം ജില്ലാ ഓക്സിജന്‍ വാര് റൂം ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍- 0481 2568008, 0481 2567390