സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ഉത്പാദന പ്ലാന്റ് സജ്ജമാകുന്നു. ഇതിനുള്ള ഉപകരണങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി.ഒരു മാസത്തിനകം പ്ലാന്റ് പ്രവർത്തന ക്ഷമമാക്കാനാണ് ശ്രമം നടക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഒന്നര കോടിയുടെ സഹായത്തോടെയാണ് പ്ലാന്റ് സജ്ജമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പ്ലാന്റിന്റെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഓക്സിജൻ പ്ലാന്റിലെ മെഷിനറികൾ സ്ഥാപിക്കുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്.
പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലേക്കാവശ്യമായ ഓക്സിജൻ ഇവിടെ സ്വന്തമായി ഉത്പാദിപ്പിക്കാനാകും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമുള്ള ശരാശരി 200 മുതൽ 300 യൂണിറ്റ് ഓക്സിജൻ ഈ പ്ലാന്റിലൂടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരിലെ ആരോഗ്യവകുപ്പു മന്ത്രിക്ക് ഉദ്ഘാടനം നടത്താൻ സാധിക്കും വിധമാണ് ഓക്സിജൻ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നത്. മെഡിക്കൽ കോള് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപത്തായാണ് ആശുപത്രി വക സ്ഥലത്ത് പുതിയ പ്ലാന്റ് ഒരുങ്ങുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാണ എയർ ഫോർ കെയർ പദ്ധതിക്കും പുതിയ പ്ലാന്റ് സഹായമാകും. കോവിഡ് ഗികൾക്കു വേണ്ട ഓക്സിജൻ ലഭ്യമാക്കുന്നതിന് മെഡിക്കൽ കോളജിൽ നടപ്പാക്കി വരുന്ന പദ്ധതിയാണിത്.
കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലും ഓക്സിജൻ ഉത്പാദക പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്.